പാലാ: ഹൈവേയിൽ ഒത്തനടുക്ക് വാരിക്കുഴി... കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇവിടെ എത്രയോ അപകടങ്ങൾ. അധികാരികളേ ഇനിയെങ്കിലും നിങ്ങളൊന്നു കണ്ണുതുറക്കൂ... പ്ലീസ് ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ കിടങ്ങൂർ കട്ടച്ചിറ പള്ളിയുടെ മുൻവശത്താണ് റോഡ് കുറുകെ വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത്. വാട്ടർ അതോറിട്ടി പൈപ്പിടാൻ കുഴിച്ച കുഴിയാണെന്ന് പറയുന്നു. ഇതിൽ പകുതി ഭാഗം ടാർ ചെയ്തു. ബാക്കി പകുതി ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഹൈവേയുടെ ബാക്കി ഭാഗമെല്ലാം മികച്ച നിലയിലാണ് ടാർ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ വഴിപരിചയം ഇല്ലാത്ത ഡ്രൈവർമാർ റോഡിനു നടുവിൽ ഇങ്ങനെയൊരു കുഴി ഒരിക്കലും പ്രതീക്ഷിക്കില്ല. വേഗത്തിൽ എത്തുന്ന വാഹനങ്ങിലെ ഡ്രൈവർമാർ തൊട്ടുമുന്നിൽ കുഴി കണ്ട് പൊടുന്നനെ ബ്രേക്ക് ചെയ്യും. ഇത് അപകടത്തിന് ഇടയാക്കും. ഇരുചക്രവാഹനങ്ങളാണ് ഇത്തരത്തിൽ പലപ്പോഴും അപകടത്തിൽപ്പെടുന്നത്. ഇന്നലെ സ്‌കൂട്ടർ കുഴിയിൽ മറിഞ്ഞതാണ് അപകടങ്ങളിൽ ഏറ്റവും ഒടുവിലത്തേത്. സ്‌കൂട്ടറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

കഴിഞ്ഞ മാർച്ച് 28 നാണ് റോഡുകുറുകെ കുഴിച്ചതെന്ന് നാട്ടുകാർ പറയുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതിന്റെ പകുതിഭാഗം നന്നാക്കാൻ പോലും ബന്ധപ്പെട്ട അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. ഈ കാലയളവിനിടയിൽ 9 വാഹനാപകടങ്ങളുണ്ടായി. ഒരു ഗർഭിണി ഉൾപ്പെടെ 8 പേർക്ക് പരിക്കേറ്റു.


അപകടം എന്റെ കൺമുമ്പിൽ

ഇന്നലെ രാത്രി മഴ പെയ്തുകൊണ്ടിരുന്ന സമയത്താണ് ഈ വഴി കടന്നുപോയത്. തൊട്ടുമുന്നിൽ ഒരു ബൈക്കും കാറുമുണ്ടായിരുന്നു. വളരെ വേഗം പോയ കാർ റോഡിന് നടുവിലെ കുഴി കണ്ടിട്ടാകണം പെട്ടെന്ന് ബ്രേക്ക് ചെയ്തു. പിന്നാലെയെത്തിയ ബൈക്ക് കാറിലിടിച്ച് മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇനിയെങ്കിലും അധികാരികൾ വെട്ടിപ്പൊളിച്ച റോഡ് ടാർ ചെയ്യാൻ നടപടി സ്വീകരിക്കണം.

രമേശ് കിടങ്ങൂർ, ഫോട്ടോഗ്രാഫർ.