പാലാ: മലയാള കവിതയെ ആദ്യമായി പോരാട്ടത്തിന്റെ മൂർച്ചയുള്ള ആയുധമാക്കിയ കവിയായിരുന്നു കുമാരനാശാനെന്ന് കവി ഏഴാച്ചേരി രാമചന്ദ്രൻ പറഞ്ഞു. കുഞ്ചൻ നമ്പ്യാർക്ക് ശേഷമുള്ള ആദ്യത്തെ ജനകീയ കവിയും ആശാൻ തന്നെ. മലയാള കാവ്യജീവിതത്തെ പുതുക്കി പണിത അനശ്വര കവിയാണ് ആശാനെന്നും ഏഴാച്ചേരി വ്യക്തമാക്കി. സമഭാവന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാകവി കുമാരനാശാന്റെ 150ാം ജന്മദിന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാകവി കുമാരനാശാൻ ഫൗണ്ടേഷൻ ചെയർമാൻ അജിത് നീലികുളം മുഖ്യപ്രഭാഷണം നടത്തി. സമഭാവന കൺവീനർ സന്തോഷ് എം. പാറയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മിനർവ്വാ മോഹൻ, കെ.പി രവീന്ദ്രൻ മൂന്നിലവ്, കുമാരി ഭാസ്‌കരൻ മല്ലികശേരി, ടി.പി. ലളിത കൂത്താട്ടുകുളം, മായ ഹരിദാസ്, മണി സന്തോഷ്, ലതാ സിബി, വൃന്ദ മനു രാമപുരം, ദേവരഞ്ജൻ ഹരി തുടങ്ങിയവർ പ്രസംഗിച്ചു. കുമാരനാശാന്റെ വിവിധ കവിതകളുടെ ആലാപനവും നടന്നു.