കോട്ടയം: സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർ ഫെഡും പ്രാഥമിക സഹകരണ സംഘങ്ങളും മുഖേന സംഘടിപ്പിക്കുന്ന വിഷു, ഈസ്റ്റർ, റംസാൻ വിപണിയുടെ ജില്ലാതല ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. കൈപ്പുഴ സഹകരണ ബാങ്ക് ഓഫീസ് അങ്കണത്തിൽ നടന്ന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് എം.കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആദ്യ വില്പന നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ്കുമാർ നിർവഹിച്ചു. വിപണിയിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ 50 ശതമാനം സബ്‌സിഡി നിരക്കിൽ ലഭിക്കും. കൺസ്യൂമർ ഫെഡിന്റെ ജില്ലയിലെ 62 വില്പനകേന്ദ്രങ്ങളിൽ സേവനം ലഭ്യമാണ്. മറ്റ് ആവശ്യ വസ്തുക്കൾക്ക് 15 വരെ വിലക്കുറവുണ്ടായിരിക്കും. ഗ്രാമപഞ്ചായത്തംഗം ലൂക്കോസ് തോമസ്, സർക്കിൾ സഹകരണസംഘം ചെയർമാൻ കെ.എം രാധാകൃഷ്ണൻ, സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ), എൻ.അജിത് കുമാർ, കൺസ്യൂമർഫെഡ് ഭരണസമിതിയംഗം ആർ. പ്രമോദ്ചന്ദ്രൻ, അസിസ്റ്റന്റ് രജിസ്ട്രാർ രാജീവ് എം.ജോൺ, കൺസ്യൂമർ ഫെസ് റീജിയണൽ മാനേജർ അനിൽ പി.സഖറിയാ, കൈപ്പുഴ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ഇൻ ചാർജ്ജ് കെ.എസ് മഞ്ജു എന്നിവർ പങ്കെടുത്തു.