വൈക്കം : ചിലപ്പതികാരത്തിന്റെ കഥകളുറങ്ങുന്ന മുത്തേടത്തുകാവിൽ നാളെ എരിതേങ്ങയും അരിയേറും.
മൂത്തേടത്തുകാവ് ഭഗവതി പാണ്ഡ്യ ദേശത്തേക്ക് പുറപ്പെടുവാൻ ഒരുക്കം തുടങ്ങി. കണ്ണകി കോവിലൻ കഥകളാണ് വിഷുദിനത്തിൽ മൂത്തേടത്തുകാവ് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകളുടെ പശ്ചാത്തലം. ഭർത്താവായ കോവിലന്റെ സമീപത്തേക്ക് പോകുവാൻ ഒരുങ്ങിയിരിക്കുന്ന കണ്ണകി ഭാവമാണ് ദേവിയ്ക്ക്. വിഷു നാളിൽ രാത്രിയിൽ നടക്കുന്ന വിശേഷാൽ ചടങ്ങുകൾക്ക് ശേഷം പാണ്ഡ്യ ദേശത്തേക്ക് പോകുന്ന ദേവി കർക്കിടകം 1 ന് തിരിച്ചെത്തുന്നതു വരെ ക്ഷേത്രത്തിൽ നിത്യപൂജകളുണ്ടാവില്ല. ഭക്തർ ഇവിടേയ്ക്ക് പ്രവേശിക്കുക പോലുമില്ല. ക്ഷേത്രനടകൾ മൂന്ന് മാസക്കാലം അടഞ്ഞുകിടക്കും. 15ന് പുലർച്ചെ 5ന് വിഷുക്കണി ദർശനത്തിനായി നട തുറക്കും. നാലമ്പലത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് ദേവിയുടെ കളം പഞ്ചവർണ്ണപ്പൊടികളാൽ എഴുതി ഉച്ചപ്പാട്ട് ആരംഭിക്കും.ദീപാരാധനയ്ക്കു ശേഷം തോറ്റം പാട്ട്, വിൽപ്പാട്ട് , കളം പാട്ട് എന്നിവയ്ക്കു ശേഷം അത്താഴപൂജയ്ക്ക് അരിയളക്കൽ നടത്തും.
ശ്രീകോവിൽ വച്ച് രണ്ടായി പകുത്ത് എടുത്ത നാളികേരത്തിൽ ദീപം തെളിയിച്ച് മേൽശാന്തി ക്ഷേത്രത്തിന് മുൻവശം കൂട്ടിയിട്ടിരിക്കുന്ന എരിതേങ്ങയിലേക്ക് അഗ്‌നി പകരും. കണ്ണകിയുടെ കോപാഗ്‌നിയിൽ മധുരാപുരി കത്തിയമരുന്നതിന്റെ പ്രതികമായാണ് എരിതേങ്ങ സമർപ്പണം.തെക്കുപുറത്ത് കൊടും കാളിക്ക് ഗുരുതി നടത്തി ചെമ്പ് കമഴ്ത്തിയ ശേഷം മേൽശാന്തി തീർത്ഥജലം തളിക്കുന്നതോടെ എരിതേങ്ങ സമർപ്പണം പൂർത്തിയാകും.പ്രചണ്ഡമായ പറമേളവും ശ്രീകോവിൽ നടയിൽ ദേവിയുടെ ചരിതങ്ങളും ഉയരുന്ന മുഹൂർത്തത്തിൽ സ്ഥായിയായ രൗദ്റഭാവത്തോടെ നൃത്തം തുടങ്ങുന്ന തീയാട്ടുണ്ണി നാലമ്പലത്തിൽ എഴുതിയ കളം മായ്ച്ച് ശ്രീകോവിലിലേക്ക് അരിയേറ് നടത്തുന്നതാടെ ക്ഷേത്ര നടയും ഗോപുര നടയും അടയും.