പാലാ: പാലാ സെന്റ് തോമസ് കത്തീഡ്രൽ ഇടവകയിൽ ദുഃഖവെള്ളിയാഴ്ച തിരുകർമ്മങ്ങൾക്ക് ശേഷം നടത്തുന്ന പാന വായന 46ാം വർഷത്തിലേക്ക് കടക്കുന്നു. യേശുവിന്റെ ജനനം മുതൽ മരണവും ഉത്ഥാനവും വരെയുള്ള ചരിത്ര സംഭവങ്ങളാണ് ജർമ്മൻകാരനായ അർണോസ് പാതിരി തയ്യാർ ചെയ്ത പുത്തൻ പാനയിൽ പ്രതിപാദിച്ചിരിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിൽ ഈശോസഭാ വൈദികനായിരുന്ന അർണോസ് കേരളത്തിലെത്തി തൃശൂരിനടുത്ത് താമസിച്ച് മലയാളവും സംസ്‌കൃതവും പഠിച്ച് എഴുതിയ പുത്തൻ പാന ജ്ഞാനപ്പാനയുടെ രീതിയിലും ദ്രുത കാകളി വൃത്തത്തിലുമാണ്.

ദു:ഖവെള്ളിയുടെ ശോക സാന്ദ്രമായ അന്തരീക്ഷത്തിൽ പാലാ കത്തീഡ്രലിലെ പുത്തൻ പാന സംഘം പാടുന്ന സങ്കടങ്ങളുടേയും വേദനകളുടേയും മേൽ അനുതാപത്തിന്റെ ആർദ്രത ചേർക്കുന്ന പുത്തൻ പാനയിലെ പന്ത്രണ്ടാം പാതം കഴിഞ്ഞ 44 വർഷമായി പാലായിലും പരിസരത്തുമുള്ള ക്രൈസ്തവ വിശ്വാസികളുടെ ആത്മാവിൽ നിറയുന്നു. ദുഃഖവെള്ളിയാഴ്ച ദേവാലയത്തിൽ നടക്കുന്ന പീഢാനുഭവ ശുശ്രൂഷകൾക്ക് ശേഷമാണ് പാനവായന ആരംഭിക്കുന്നത്. ഫാ.മാത്യു മീത്തിക്കുന്നേൽ പള്ളി വികാരിയായിരുന്ന കാലത്താണ് പാന വായനാ സംഘത്തിന് തുടക്കം കുറിച്ചത്. ഇടവകാംഗമായ ആവിമൂട്ടിൽ എം.യു കുര്യന്റെ നേതൃത്വത്തിൽ ആരംഭിച്ച പാനസംഘം വായന ഒരു നിയോഗമായി ഏറ്റെടുക്കുകയായിരുന്നു.

ആരംഭകാല സംഘാഗം എം. യു.കുര്യന്റെ പുത്രൻ എ. കെ.ഷാജിയും പാലാ കുന്നുംപുറത്ത് തോമസ് ആന്റ്ണിയുമാണ് പാന വായനാ സംഘത്തിന് നേതൃത്വം നൽകുന്നത്.