കനത്തമഴയിൽ വീണടിഞ്ഞ് നെൽചെടികൾ

ചങ്ങനാശേരി: വേനൽമഴ ചതിച്ചു. ഇപ്പോൾ നിരാശയുടെ പടുകുഴിയിലാണ് ചങ്ങനാശേരിയിലെ നെൽകർഷകർ. വിളവെടുക്കാൻ പാകമായ നെൽച്ചെടികൾ വേനൽ മഴയിൽ വെള്ളത്തിലായതിന് പുറമേ, വീണുപോയെ നെൽച്ചെടികൾ കൊയ്‌തെടുക്കാനും കഴിയാതെ പ്രതിസന്ധിയിലായി കർഷകർ. ചങ്ങനാശേരി വാഴപ്പള്ളി പഞ്ചായത്തിലെ പറാൽ, കുമരങ്കരി ഭാഗങ്ങളിലെ ഓടേറ്റി വടക്ക്, ഓടേറ്റി തെക്ക്, കടംമ്പാടം, പെരുന്നാങ്കരി പാടശേഖരങ്ങളിലെ കർഷകരാണ് ദുരിതം അനുഭവിക്കുന്നത്. ഓടേറ്റി വടക്ക് ഭാഗത്ത് 230 കർഷകരുടെ 565 ഏക്കർ കൃഷി, കടമ്പാടം 125 കർഷകരുടെ 250 ഏക്കർ, പെരുന്നാങ്കരി 25 കർഷകരുടെ 75 ഏക്കർ, ഓടേറ്റി തെക്ക് 200 കർഷകരുടെ 565 ഏക്കർ കൃഷി, തുപ്രം 230 ഏക്കർ എന്നിങ്ങനെ 1500 ഏക്കറിലാണ് കൃഷിയിറക്കിയത്. 700 ഓളം കർഷകരുടെ പ്രതീക്ഷയാണ് വേനൽമഴയിൽ പൊലിഞ്ഞത്. തുടർച്ചയായി പെയ്യുന്ന കാറ്റിലും മഴയിലും നെൽച്ചെടികൾ പൂർണമായും വെള്ളത്തിൽ അടിഞ്ഞനിലയിലായി. അതിനാൽ, കൊയ്ത്ത് യന്ത്രം ഇറക്കുന്നതിനും കൊയ്‌തെടുക്കുന്നതിനും കഴിയാത്തതാണ് നിലവിലെ പ്രതിസന്ധി. ഇന്നലെ മെഷീൻ ഇറക്കി കൊയ്ത്ത് ആരംഭിക്കാനിരുന്ന പാടശേഖരങ്ങളാണിവ. വെള്ളത്തിലായതോടെ നെല്ല് കിളിർത്തു തുടങ്ങിയെന്നും പലതും ഞാറായി മാറിയെന്നും കർഷകർ പറയുന്നു.

ഇനിയും കാത്തിരിക്കണം

മഴ മാറിയാലും കൊയ്ത്ത് യന്ത്രം ഇറക്കാൻ കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേണ്ടിവരും. പത്ത് ദിവസമെങ്കിലും വെയിൽ ലഭിച്ചാൽ മാത്രമേ കൊയ്‌തെടുക്കാൻ സാധിക്കൂ. വീണു കിടക്കുന്ന നെല്ല് കിളിർത്ത് തുടങ്ങിയതിനാൽ ഇനി കൊയ്‌തെടുത്താലും വലിയ പ്രയോജനമില്ലെന്ന് കർഷകർ പറയുന്നു.