മുണ്ടക്കയം: ഒരു നല്ല കെട്ടിടം എങ്ങനെ നശിപ്പിക്കാം എന്നതിന്റെ വലിയ ഉദാഹരണമാണ് പഴയ എരുമേലി വടക്ക് വില്ലേജ് ഓഫീസ് കെട്ടിടം. ഉത്തരവാദിത്വപ്പെട്ടവർ കൈയൊഴിഞ്ഞതോടെ നാശത്തിന്റെ വക്കിലാണ് കെട്ടിടം. മുണ്ടക്കയം കോരുത്തോട് കവലയിൽ പ്രവർത്തിച്ചിരുന്ന എരുമേലി വടക്ക് വില്ലേജ് ഓഫീസ് അമരാവതിയിലേക്ക് മാറ്റി സ്മാർട്ട് വില്ലേജ് ഓഫീസായി പ്രവർത്തനം ആരംഭിച്ചതോടെയാണ് പഴയ കെട്ടിടം നാശത്തിലേക്ക് കൂപ്പുകുത്തിയത്. പൂഞ്ഞാർ-എരുമേലി സംസ്ഥാനപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ മറ്റ് ഓഫീസുകൾ ഒന്നും പ്രവർത്തിക്കുന്നില്ല. ഇപ്പോൾ കെട്ടിടമാകെ കാടും പടലവുമാണ്. രാത്രികാലങ്ങളിൽ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമാണ്. 1987ലാണ് ഇവിടെ കെട്ടിടം നിർമ്മിച്ച് കെട്ടിടം പ്രവർത്തനമാരംഭിക്കുന്നത്. ഇരുനിലകളിലുള്ള കെട്ടിടത്തിന് വർഷങ്ങൾ പഴക്കമുണ്ടെങ്കിലും മറ്റു തകരാറുകൾ ഒന്നുമില്ല.

പണത്തിന് വിലയില്ലേ

മുണ്ടക്കയം പഞ്ചായത്തിന്റെ പരിധിയിൽത്തന്നെ നിരവധി സർക്കാർ സ്ഥാപനങ്ങളാണ് വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. മുണ്ടക്കയം കൂട്ടിക്കൽ റോഡിൽ പ്രവർത്തിക്കുന്ന സബ് ട്രഷറി ഇങ്ങോട്ട് മാറ്റി പ്രവർത്തനം ആരംഭിച്ചാൽ അത് പ്രായമായവരടക്കമുള്ള പെൻഷൻകാർക്ക് വലിയ ഗുണമാകും. നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ട്രഷറിയുടെ പടികൾ കയറി വേണം മുകളിലെത്താൻ. ഇത് പ്രായമായവർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.