കോട്ടയം: വേനലിലും മഴയിലും ഒരുപോലെ ദുരിതം... പൂവൻതുരുത്ത് നിവാസികൾ സഹികെട്ടുപോകുകയാണ്. വേനലിൽ പൊടിയും മഴയിൽ ചെളിക്കുളവുമായി മാറുകയാണ് പൂവൻതുരുത്ത് റെയിൽവേ മേൽപ്പാലവും സമീപത്തെ ഇടറോഡും. ചിങ്ങവനം പാക്കിൽ റൂട്ടിലാണ് പാലം സ്ഥിതി ചെയ്യുന്നത്. റെയിൽവേപ്പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാലം പൊളിച്ച് പണിതത്. പാലം നിർമ്മാണം പൂർത്തിയായെങ്കിലും റോഡ് ടാർ ചെയ്യാത്തതാണ് ദുരിതം സൃഷ്ടിക്കുന്നത്. മണ്ണും കല്ലും നിറഞ്ഞ റോഡ് മഴയിൽ ചെളി നിറഞ്ഞ നിലയിലാണ്. സമീപത്തുള്ള ഇടറോഡിൽ കുഴി രൂപപ്പെട്ട് വെള്ളക്കെട്ടുമായി. പ്രദേശത്ത് നിരവധി വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. ഇടറോഡിന്റെ പ്രവേശന ഭാഗത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. ചിങ്ങവനം, പാക്കിൽ റോഡിൽ നിന്നും എത്തുന്നവർക്ക് കടുവാക്കളം ഭാഗത്തിലൂടെ പോകാതെ എളുപ്പമാർഗമായ പാലത്തിന് സമീപത്തെ ഇടറോഡിലൂടെ വേഗത്തിൽ മണിപ്പുഴ ഭാഗത്തേയ്ക്ക് എത്താൻ സാധിക്കും. അതിനാൽ, നിരവധി യാത്രക്കാരാണ് ഇതുവഴി ദിനംപ്രതി സഞ്ചരിക്കുന്നത്.

കെണിയാണ്..

വെള്ളക്കെട്ടിലും ചെളി നിറഞ്ഞ ഭാഗത്തിലൂടെയും ചെറുവാഹനങ്ങൾ കടന്നുപോകുമ്പോൾ അപകടം പതിവാണ്. കാൽനടയാത്രികർ ചെളി നിറഞ്ഞ റോഡിലൂടെയാണ് കടന്നുപോകുന്നത്. പാലവും സമീപത്തെ റോഡും ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.