കോട്ടയം: അമേരിക്കൻ ഫിലിം ഫെസ്റ്റിവലിൽ ജഡ്ജായി ഡോ.സുവിദ് വിൽസണിനെ തെരഞ്ഞെടുത്തു. അമേരിക്കൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സാൻമാ 2022 (സാൻ ഡിയാഗോ മലയാളി അസോസിയേഷൻ) നേതൃത്വത്തിൽ അമേരിക്കയിൽ നടക്കുന്ന റെഡ്കാർപ്പെറ്റ് അവാർഡ് ചടങ്ങിലാണ് ഡോ.സുവിദ് വിൽസൺ വിധികർത്താവാകുന്നത്. മെയ് 14ന് കാലിഫോർണിയായിലെ സാൻഡിയാഗോയിലാണ് അവാർഡ് ദാനചടങ്ങ്. ചങ്ങനാശേരി സ്വദേശിയും ദന്തഡോക്ടറുമായ സുവിദ് വിൽസൺ സംവിധാനം ചെയ്ത കാമറ നായികയായി എത്തി കുട്ടി ദൈവത്തിന് ലോകത്തെ ആദ്യത്തെ റിയലിസ്റ്റിക് ഹ്രസ്വചിത്രത്തിനുള്ള വേൾഡ് റെക്കോർഡ് ലഭിച്ചിരുന്നു. ലൂക്ക സിനിമയുടെ തിരക്കഥാകൃത്ത് മൃദുൽ ജോർജും ജഡ്ജിംഗ് പാനലിലുണ്ട്. സാന്റിയാഗോ മലയാളി അസോസിയേഷനിലെ 600 ഓളം അംഗങ്ങൾ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. സാന്റിയാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്യാം ശങ്കർ, ദീപു തോമസ്, ഷാലിമാ സിദിഖ്, അഞ്ജു ശ്രീനിവാസൻ, റോഷ്‌നി രാമചന്ദ്രൻ, വരുൺ, ആശിഷ് അനിയൻ എന്നിവരാണ് നേതൃത്വം നൽകുന്നത്. കുട്ടിദൈവം ഷോർട്ട് ഫിലിമും സാന്റിയാഗോയിലെ റെഡ്കാർപ്പെറ്റ് സെറിമണിയിൽ പ്രദർശിപ്പിക്കും.