കോട്ടയം: ജില്ലയിലെ സ്‌കൂൾ പാചക തൊഴിലാളികൾക്ക് ഇത്തവണ വിഷുവും ഈസ്റ്ററും പട്ടിണിയുടെ നാളുകൾ. പത്താം തീയതിക്ക് മുമ്പായി ലഭിച്ചിരുന്ന ശമ്പളമാണ് മുടങ്ങുന്നത്. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. ശമ്പളം ബാങ്ക് അക്കൗണ്ട് മുഖേനെയാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസങ്ങളിൽ വൈകിയിരുന്നു. എന്നാൽ യാതൊരു കാരണവുമില്ലാതെയാണ് വിഷു -ഈസ്റ്റർ ദിനങ്ങളിൽ പോലും പാചക തൊഴിലാളികൾക്ക് ശമ്പളം നൽകാത്തത്. യൂണിയനുകളുടെ ഇടപെടലിനെ തുടർന്ന് എട്ടിന് മുൻപ് ശമ്പളം നൽകാൻ തീരുമാനിച്ചിരുന്നു. ഡിഡി ഓഫീസിൽ നിന്ന് 8ന് തന്നെ എ.ഇ.ഒ ഓഫീസുകളിലേക്ക് ശമ്പള ഓർഡർ നൽകിയെങ്കിലും ഇതുവരെ നൽകിയില്ല.

 ലഭിച്ചത് ഏറ്റുമാനൂർ മാത്രം
ഏറ്റുമാനൂർ എ.ഇ.ഒ ഡിവിഷന് കീഴിൽ മാത്രമാണ് ശമ്പളം ലഭിച്ചത്. തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ബന്ധപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ഇനി ബാങ്ക് അവധിക്ക് ശേഷം തിങ്കളാഴ്ചയോടെയെ ശമ്പളമെത്തൂ. വിഷവും ഈസ്റ്ററും ആഘോഷിക്കാനും കഴിയില്ല.

 ''തുച്ഛമായ വേതനമാണ് ഒരു കാരണവുമില്ലാതെ ഉദ്യോഗസ്ഥർ വൈകിപ്പിക്കുന്നത്. എ.ഇ.ഒമാരുടെ തൊഴിലാളി ദ്രോഹ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ശമ്പളം 10ന് മുൻപായി കൊടുക്കാനുള്ള സംവിധാനം ഒരുക്കണം''

പി.പ്രദീപ്, ജില്ലാ പ്രസിഡന്റ്, സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി