പാലാ: 29ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമം 20 മുതൽ 24 വരെ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 20ന് വൈകിട്ട് 4.30ന് ളാലം മഹാദേവ ക്ഷേത്രസന്നിധിയിൽ നിന്നാരംഭിക്കുന്ന ശോഭായാത്രയോടെ ഹിന്ദുസംഗമത്തിന് തുടക്കമാകും. 5.30ന് സ്വാഗതസംഘം രക്ഷാധികാരി സ്വാമി സ്വപ്രഭാനന്ദ മഹാരാജ് സംഗമ പതാക ഉയർത്തും. തുടർന്ന് സ്വാമി ചിദാനന്ദപുരി ഹിന്ദുസംഗമം ഉദ്ഘാടനം ചെയ്യും. സേവാഭാരതി നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽ ദാനവും സ്വാമി നിർവഹിക്കും. സ്വാഗതസംഘം പ്രസിഡന്റ് അഡ്വ.രാജേഷ് പല്ലാട്ട് അദ്ധ്യക്ഷത വഹിക്കും.
സ്വാമി സ്വപ്രഭാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണവും കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണവും നടത്തും. സ്വാഗതസംഘം രക്ഷാധികാരി ഡോ.എൻ.കെ. മഹാദേ വൻ സ്വാഗതവും ജനറൽ കൺവീനർ അഡ്വ.ജി. അനീഷ് നന്ദിയും പറയും. 21ന് വൈകിട്ട് 5.30ന് ഭജന, 6.30 ന് നടക്കുന്ന സത്സംഗ സമ്മേളനത്തിൽ സ്വാഗത സംഘം രക്ഷാധികാരി സ്വാമി അഭയാനന്ദ തീത്ഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തും. സന്തോഷ് ജോർജ്ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും.
22ന് വൈകിട്ട് 5.30ന് ഭജന, 6.30ന് സത്സംഗ സമ്മേളനത്തിൽ ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തും.പ്രജ്ഞ പ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തും. ആർഎസ്എസ് പൊൻകുന്നം സംഘ ജില്ലാ സംഘചാലക് കെ.എൻ. രാമൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും.
23ന് വൈകിട്ട് 5.30ന് ഭജന. 6.30ന് സത്സംഗ സമ്മേളനത്തിൽ സ്വാഗത സംഘം രക്ഷാധികാരി സ്വാമി യതീശ്വരാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. ആർഎസ്എസ് പ്രാന്തീയ കാര്യകാരി സദസ്യൻ കാ.ഭാ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.സോമൻ തച്ചേട്ട് അദ്ധ്യക്ഷത വഹിക്കും.ഡോ.പി.ചിദംബരനാഥ് സ്മാരക 'വീരമാരുതി' പുരസ്‌കാരം രാമസിംഹൻ അബൂബക്കറിന് സരസമ്മാൾ ചിദംബരനാഥ് സമ്മാനിക്കും. കാ.ഭാ.സുരേന്ദ്രൻ രചിച്ച 'സ്വാതന്ത്ര്യ സമരത്തിലെ വ്യത്യസ്ത ധാരകൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം രാമസിംഹൻ അബൂബക്കറിന് ആദ്യ പുസ്തകം നൽകി എം.ജി. സർവകലാശാല മുൻ വി.സി ഡോ.സിറിയക് തോമസ് നിർവഹിക്കും. 24ന് വൈകിട്ട് 4ന് മാതൃസമ്മേളനത്തിൽ വിശ്വ ആയുർവേദ പരിഷത്ത് സംസ്ഥാന ജന.സെക്രട്ടറി ഡോ.ജയലക്ഷ്മി അമ്മാൾ മുഖ്യപ്രഭാഷണം നടത്തും. ഷൈലജ ജി.നായർ അദ്ധ്യക്ഷത വഹിക്കും. 7ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി അദ്ധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചർ മുഖ്യപ്രഭാഷണം നടത്തും. സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായി കരൾ മാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തിയ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാറിനെ വി.മുരളീധരൻ ആദരിക്കും.