വൈക്കം: വൈക്കം പടിഞ്ഞാറെനടയിലെ വല്യാറമ്പത്ത് ജുവലറിയിൽ ഭിത്തിതുരന്ന് മോഷണ ശ്രമം നടന്ന സംഭവത്തിൽ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. ജുവലറിക്ക് പിന്നിൽ ഭിത്തി തുരന്ന ഭാഗത്തും സമീപത്തെ കുറ്റിക്കാട്ടിലും പൊലീസ് നായ മണം പിടിച്ചെത്തി. അടുത്ത് വീടുകളില്ലാത്ത സ്ഥലത്ത് മഴ പെയ്യുന്ന സമയം മതിൽ ചാടിയെത്തിയ മോഷ്ടാക്കൾ ജുവലറിയുടെ ഭിത്തി തുരന്ന് അകത്തു കയറുകയായിരുന്നൂവെന്നാണ് പൊലീസിന്റെ നിഗമനം. ജുവലറിക്കുള്ളിൽ നിന്ന് ലഭിച്ച വിരലടയാളങ്ങൾ പരിശോധിച്ച് മോഷണ ശ്രമത്തിൽ പ്രഫഷണൽ മോഷണ സംഘത്തിനു പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കോട്ടയത്തുനിന്നും എ എസ് എ ബിജുവിന്റ നേതൃത്വത്തിൽ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധൻ ജസ്റ്റീൻ ജോസും പരിശോധനയിൽ പങ്കെടുത്തു. വൈക്കം ഡിവൈ.എസ്.പി എ.ജെ.തോമസിന്റേ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.