വൈക്കം : മുത്താരമ്മൻ വിൽപ്പാട്ട് കേട്ട് സംപ്രീതയായി മൂത്തേടത്തുകാവ് ദേവി മധുരാപുരിയിലേക്ക് യാത്രയായി. ഭർത്തവായ കോവിലന്റെ സമീപത്തേക്ക് ദേവി പോകുന്നതായാണ് വിശ്വാസം. കണ്ണകി സങ്കല്പമാണ് മൂത്തേടത്ത് കാവിലെ പ്രതിഷ്ഠ. മൂന്നു മാസങ്ങൾക്ക് ശേഷം കർക്കിടകം 1ന് ദേവി തിരിച്ചെഴുന്നള്ളുന്നതോടെ മാത്രമേ ക്ഷേത്രത്തിൽ പൂജയും ദർശനവും പുനരാരംഭിക്കുകയുള്ളു. അതുവരെ ക്ഷേത്രം അടച്ചിടും. അമ്മയുടെ ഭൂതഗണങ്ങൾ കാവൽ നിൽക്കുന്ന ക്ഷേത്രസങ്കേതത്തിലേക്ക് ഈ കാലമത്രയും ആരും പ്രവേശിക്കില്ല. ക്ഷേത്രം മേൽശാന്തി ഭദ്റദീപം കൊളുത്തിയ ശേഷമാണ് വിൽപ്പാട്ട് ആരംഭിച്ചത്. ദേശദേവതയായ മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന തമിഴ് ആചാര അനുഷ്ഠാനമാണ് വിൽപ്പാട്ട് .വിഷുനാളിൽ വിൽപാട്ടിന്റെ അകമ്പടിയോടെയാണ് കണ്ണകിദേവി മധുരാ നഗരിയിലേക്ക് പോകുന്നത്. വണിക വൈശ്യ കുലത്തിൽ ജനിച്ച ദേവിയെ വിൽപാട്ടോടെ കുടിയിരുത്തിയെന്നാണ് വിശ്വാസം. അതിനാലാണ് തമിഴ് ആചാര ശൈലി പിന്തുടർന്ന് വരുന്ന വണികവൈശ്യർക്ക് മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രത്യേക പരിഗണന നൽകുന്നത്. ക്ഷേത്രത്തിൽ വിൽപ്പാട്ട് നടത്തുന്നതിനുള്ള അവകാശം വണിക വൈശ്യർക്കാണ്. വണിക വൈശ്യസംഘം 27-ാം നമ്പർ വൈക്കം ശാഖയാണ് ക്ഷേത്രത്തിൽ കാലങ്ങളായി വിൽപ്പാട്ട് അവതരിപ്പിക്കുന്നത്. തന്ത്റി മോനാട്ടുമന കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി എ.വി ഗോവിന്ദൻ നന്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. തെക്കുപുറത്തു കൊടുംകാളിക്ക് ഗുരുതി നടത്തിയ ശേഷം ചെമ്പ് കമഴ്ത്തി മേൽശാന്തി തീർത്ഥജലം തളിച്ചതോടെ എരി തേങ്ങ സമർപ്പണവും പൂർത്തിയായി. പ്രചണ്ഡമായ പറ താളവും പുതുശ്ശേരി രാജേഷിന്റെ നേതൃത്വത്തിൽ അനുഷ്ഠാന വാദ്യവും ദേവീചരിതവും ഉയർന്ന സമയം സ്ഥായിയായ രൗദ്റ ഭാവത്തോടെ നൃത്തം ആരംഭിച്ച തീയാട്ടു ഉണ്ണി എഴുതിയ കാളം മായ്ച്ച് നാലമ്പലത്തിന് ഒരു വലം വച്ച് ശ്രീകോവിലിലേക്ക് മൂന്നു പ്രാവിശ്യം അരിയേറു നടത്തിയതോടെ ചടങ്ങുകൾക്ക് വിരാമമായി.