വെച്ചൂർ : തണ്ണീർമുക്കം ബണ്ടിലെ പാലങ്ങൾ ചേരുന്ന ഭാഗത്തെ തുരുത്തിൽ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി. അവധി ദിവസങ്ങളിലടക്കം നിരവധി കുടുംബങ്ങൾ എത്തുന്ന കായലോരത്ത് മാലിന്യം തള്ളുന്നത് വിനോദസഞ്ചാരികൾക്കും ദുരിതമായി മാറുകയാണ്. കായലിൽ ഇറങ്ങുന്ന പ്രദേശവാസികൾക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്. ശുദ്ധ ജല തടാകമായി അറിയപ്പെടുന്ന വേമ്പനാട്ടുകായലിൽ കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണെന്നാണ് കണ്ടെത്തൽ.രാത്രിയുടെ മറവിൽ ടാങ്കറുകളിൽ എത്തിച്ചാണ് മാലിന്യം തള്ളുന്നത്. ദിവസേന നൂറു കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന തണ്ണീർമുക്കം ബണ്ടിൽ കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. രാത്രിയായാൽ സാമുഹ്യ വിരുദ്ധരുടെ താവളമാണ് തണ്ണീർമുക്കം ബണ്ട്.