എലിക്കുളം:ഒരു പതിറ്റാണ്ടിലേറെയായുള്ള കാത്തിരിപ്പിനൊടുവിൽ എലിക്കുളത്ത് കരിമ്പുകയം കുടിവെള്ളപദ്ധതി യാഥാർത്ഥ്യമാകുന്നു.13 വർഷങ്ങൾക്കുമുമ്പ് തുടക്കം കുറിച്ച പദ്ധതി നടപ്പായാൽ എലിക്കുളം പഞ്ചായത്തിലെ 7600ലേറെ വീടുകളിലും കുറഞ്ഞ നിരക്കിൽ ജലം ലഭ്യമാവും.
പഞ്ചായത്തിലെ വഞ്ചിമലയിൽ സ്ഥാപിച്ചിരിക്കുന്ന ടാങ്കിലേക്കാണ് കരിമ്പുകയം പദ്ധതിക്കായുള്ള ജലമെത്തുന്നത്. ആദ്യഘട്ടമെന്ന നിലയിൽ കിഫ്ബി വഴി 27 കോടി രൂപ മുതൽമുടക്കി പഞ്ചായത്തിൽ എല്ലാ പ്രദേശങ്ങളിലുമുള്ള 65 പൊതുടാപ്പുകളിൽ കുടിവെള്ളമെത്തും. ഇത് പൂർത്തിയായിക്കഴിഞ്ഞാൽ ഇവിടെ സംസ്ഥാന സർക്കാർ വിഹിതമായ 24.2 കോടി രൂപയും കേന്ദ്ര സർക്കാർ വിഹിതമായ 19.8 കോടി രൂപയും ഉപയോഗിച്ച് എല്ലാ വീടുകളിലേക്കും കുടിവെള്ളമെത്തിക്കും.
55 ശതമാനം സംസ്ഥാന
സർക്കാർ വിഹിതം
പദ്ധതിയിൽ 55 ശതമാനം സംസ്ഥാന സർക്കാർ വിഹിതവും 45 ശതമാനം കേന്ദ്രസർക്കാർ വിഹിതവുമാണ്. പദ്ധതിയ്ക്കായുള്ള പൈപ്പുകൾ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ എത്തിച്ചു തുടങ്ങി.പഞ്ചായത്തിലെ 6 വാർഡുകളുടെ സംഗമസ്ഥാനമായ കുരുവിക്കൂട് കവലയിൽ പൈപ്പുകളെത്തിച്ചപ്പോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി, പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, ആശമോൾ, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു.