ഏഴാച്ചേരി: അടുത്ത ഒരാണ്ടിന്റെ ഐശ്വര്യ സമ്പദ്സമൃദ്ധിയുടെ അനുഗ്രഹമായി, പാലാ ഏഴാച്ചേരി കാവിൻപുറം ക്ഷേത്രത്തിൽ ഉമാ മഹേശ്വരന്മാരുടെ വിഷുക്കൈനീട്ടം ഏറ്റുവാങ്ങാൻ നിരവധി ഭക്തരെത്തി. കാവിൻപുറം ക്ഷേത്രത്തിൽ നൂറ്റാണ്ടുകളായി നടന്നു വരുന്ന ആചാരമാണ് വിഷു നാളിലെ കൈനീട്ട വിതരണം. എത്തിച്ചേർന്ന മുഴുവൻ ഭക്തർക്കും ഉമാമഹേശ്വരൻമാരുടെ കൈനീട്ടമായി പൂജിച്ച നാണയങ്ങൾ വിതരണം ചെയ്തു.

ഉമാമഹേശ്വരൻമാരുടെ കൈനീട്ടമായി ലഭിക്കുന്ന നാണയം പേഴ്‌സിലോ ഗൃഹങ്ങളിലോ വ്യാപരസ്ഥാപനങ്ങളിലോ പവിത്രമായി സൂക്ഷിക്കുന്നത് അടുത്ത ഒരു വർഷക്കാലത്തേക്ക് വളരെ ഐശ്വര്യകരമാണെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. മുൻവർഷം കൈനീട്ടമായി ലഭിച്ച നാണയങ്ങൾ ഭക്തർ ക്ഷേത്രഭണ്ഡാരത്തിൽ തിരികെ സമർപ്പിക്കുകയും ചെയ്തു. ഓറഞ്ച്, ആപ്പിൾ, മുന്തിരി, അവൽ, മലർ, കൽക്കണ്ടം, ശർക്കര, ചെറുപഴം തുടങ്ങിയവ ചേർത്ത് മധുരഫല മഹാനിവേദ്യവും അവൽ നിവേദ്യവും ഭക്തർക്ക് വിതരണം ചെയ്തു. പരിപാടികൾക്ക് കാവിൻപുറം ദേവസ്വം ഭാരവാഹികൾ നേതൃത്വം നൽകി.


ഫോട്ടോ അടിക്കുറിപ്പ്

ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ വിഷു നാളിൽ ഭക്തർക്ക് മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി വിഷുക്കൈനീട്ടം വിതരണം ചെയ്യുന്നു