rubber

കോട്ടയം. അസംസ്കൃത വസ്തുക്കളുടെ വില പിടി തരാതെ ഉയരുന്നതുമൂലം മഴക്കാലത്ത് റബർ മരങ്ങളുടെ 'പാവാടയിടീലും' (റെയിൻ ഗാർഡിംഗ്) ഒരു പരുവമായി. ടാപ്പിംഗ് തുടരാനാഗ്രഹിക്കുന്നവരെ വെട്ടിലാക്കുന്നതാണ് പ്ളാസ്റ്റികും പശയും അടക്കമുള്ള വസ്തുക്കളുടെ വിലക്കയറ്റം. മഴ നേരത്തെ തുടങ്ങിയതോടെ റെയിൻ ഗാർഡില്ലാതെ ടാപ്പിംഗ് നടത്താനാവാത്ത സാഹചര്യമാണ്.

റബറിന് അത്യാവശ്യം വിലയുണ്ട്. നല്ല കറകിട്ടുന്ന സമയവുമാണ്. എന്നാൽ റബർവില വർദ്ധന പ്രയോജനപ്പെടുത്താൻ ക‌ർഷകന് കഴിയുന്നില്ല. പ്ളാസ്റ്റിക് മുതൽ പശയ്ക്കും സ്റ്റാപ്ളർ പിന്നിനും കുമിൾരോഗ നാശിനിക്കും വരെ വില കൂടി. പശയ്ക്കും പ്ളാസ്റ്റിക്കിനും 35 ശതമാനം വില ഉയർന്നത് മാസങ്ങൾക്കുള്ളിലാണ്.

സാധാരണ ഈ സമയങ്ങളിൽ മലയോരത്തെ തോട്ടങ്ങളിൽ 60-75 ശതമാനംവരെ ജോലികൾ പൂർത്തിയാകുന്നതാണ്. ചെറുപ്പക്കാർക്ക് അധിക വരുമാനം കൂടി ലഭിക്കുന്ന സമയംകൂടിയാണ്.

ഒരു ഹെക്ടറിൽ 300-400 മരങ്ങൾ വരെയുണ്ടാവും. 30 കിലോ പശയും 12 കിലോ പ്ളാസ്റ്റിക്കും നാലുപെട്ടി പിന്നും അരക്കിലോ ബെൽറ്റും വേണമെന്നാണ് ഏകദേശ കണക്ക്. ശരാശരി ഒരു മരത്തിന് ഇപ്പോൾ കുറഞ്ഞത് 30 രൂപ ചെലവാകും. ഭൂരിഭാഗം തോട്ടങ്ങളിലും റെയിൻ ഗാർഡിംഗ് നടന്നിട്ടില്ല. മലയോര മേഖലയിൽ ടാപ്പിംഗ് മുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി.

വിലക്കയറ്റം ഇങ്ങനെ.

ചില്ലിനും ടാപ്പിംഗ് കത്തിക്കും 20 ശതമാനം വരെ വിലക്കയറ്റം.

25 കിലോയുടെ ഒരു കുറ്റി പശയ്ക്ക് മുൻപ് 1125 രൂപ ഇപ്പോൾ 1480 രൂപ.

17രൂപയുണ്ടായിരുന്ന ഒരു സെറ്റ് ചില്ലിന് ഇപ്പോൾ 23രൂപ.

മറയിടാനുള്ള പ്ളാസ്റ്റിക്ക് കിലോയ്ക്ക് വില 180രൂപ.

കർഷകനായ ജോർജ് മത്തായി പറയുന്നു.

'' റബറിന് വിലകൂടിയെന്ന് പറയുമ്പോഴും ടാപ്പിംഗ് കൂലിക്കൊപ്പം റെയിൻ ഗാർഡിംഗിനുള്ള അസംസ്കൃത വസ്തുക്കളുടെ വിലയും അവ ഇടുന്നതിനുള്ള കൂലിയും കൂടി. മുൻപ് ഒരു മരത്തിന് കൂലി 10 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 15 മുതൽ 20 രൂപവരെകൂടി''