കാഞ്ഞിരപ്പള്ളി: കുരുങ്ങിയാൽ കുരുങ്ങിയത് തന്നെ. വാഹനം ഒരിഞ്ച് പോലും മുന്നോട്ടുപോകാത്ത അവസ്ഥ. ഗതാഗതക്കുരുക്ക് കാഞ്ഞിരപ്പള്ളി നഗരത്തിലെ പതിവ് കാഴ്ചയായി മാറുകയാണ്. കുരിശുങ്കൽ കവല മുതൽ പേട്ട വരെയാണ് മണിക്കൂറുകൾ നീളുന്ന കുരുക്ക്. പേട്ടകവല, ബസ് സ്റ്റാൻഡ്, പഞ്ചായത്ത് ഓഫീസ് പടി എന്നിവിടങ്ങളെല്ലാം ഗതാഗതക്കുരുക്കിലമരും. ഗതാഗതം നിയന്ത്രിക്കാൻ ഹോം ഗാർഡുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും കുരുക്ക് അഴിക്കാൻ മാത്രം കഴിയുന്നില്ല. ബൈപ്പാസ് റോഡ് ഇല്ലാത്തതാണ് കുരുക്കിന്റെ പ്രാധന കാരണം. 2009ൽ പഞ്ചായത്ത് ഒരു കോടി രൂപ ചെലവഴിച്ച് മിനി ബൈപ്പാസ് പദ്ധതി ആവിഷ്‌കരിച്ചെങ്കിലും പ്രാബല്യത്തിൽ വന്നില്ല. 2011ൽ ഡോ.എൻ.ജയരാജ് എം.എൽ.എയുടെ ആഭിമുഖ്യത്തിൽ നിർദ്ധിഷ്ട ബൈപ്പസ് പദ്ധതി ആവിഷ്‌കരിച്ചു. നാളിതുവരെ നിർമ്മാണം പൂർത്തിയായിട്ടില്ല. പഞ്ചായത്ത് ഓഫീസ് പടിക്കൽ നിന്നും മണിമല റോഡിലൂടെ ചിറ്റാർ പുഴ കുറുകെ കയറി പൂതക്കുഴി റോഡിലൂടെ റാണി ആശുപത്രി പടിയ്ക്കൽ എത്തുന്നതായിരുന്നു പദ്ധതി. സ്ഥലമെടുപ്പും വിലനിർണയവും പ്രാരംഭ നടപടികളും ആരംഭിച്ചിട്ടില്ല.

കുരുങ്ങി ആംബുലൻസുകളും

കുരിശ് കവലയിൽ നിന്ന് റാണി ആശുപത്രി പടിവരെ എത്താൻ മണിക്കൂറുകൾ കാത്ത് നിൽക്കണം. രോഗികളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന ആംബുലൻസുകൾ പോലും ഗതാഗതകുരുക്കിൽപ്പെടുന്ന സ്ഥിതിയാണ്. സ്വകാര്യ ബസ് സ്റ്റാന്റിലേക്ക് ഒരു വാഹനം കയറുകയോ ഇറങ്ങുകയോ ചെയ്താൽ ഉടൻ തന്നെ വാഹനങ്ങൾ കുരുക്കിൽപ്പെടും. റോഡിന്റെ ഇരുവശങ്ങളിൽ വലിയ വാഹനങ്ങൾ ഉൾപ്പടെ പാർക്ക് ചെയ്യുന്നതും ദുരിതത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു.