പാലാ: 29ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമം നാളെ മുതൽ 24 വരെ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറിൽ നടക്കും.

നാളെ വൈകിട്ട് 4.30ന് ളാലം മഹാദേവ ക്ഷേത്രസന്നിധിയിൽ നിന്നാരംഭിക്കുന്ന ശോഭായാത്രയോടെ ഹിന്ദുസംഗമത്തിന് തുടക്കമാകും. 5.30ന് സ്വാഗത സംഘം രക്ഷാധികാരി സ്വാമി സ്വപ്രഭാനന്ദ മഹാരാജ് സംഗമ പതാക ഉയർത്തും. തുടർന്ന് സ്വാമി ചിദാനന്ദപുരി ഹിന്ദുസംഗമം ഉദ്ഘാടനം ചെയ്യും. സേവാഭാരതി നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽ ദാനവും സ്വാമി നിർവഹിക്കും. സ്വാഗത സംഘം പ്രസിഡന്റ് അഡ്വ.രാജേഷ് പല്ലാട്ട് അദ്ധ്യക്ഷത വഹിക്കും. സ്വാമി സ്വപ്രഭാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണവും കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണവും നടത്തും. സ്വാഗതസംഘം രക്ഷാധികാരി ഡോ.എൻ.കെ. മഹാദേവൻ സ്വാഗതവും ജനറൽ കൺവീനർ അഡ്വ.ജി. അനീഷ് നന്ദിയും പറയും. 21ന് വൈകിട്ട് 5.30ന് ഭജന, 6.30 ന് നടക്കുന്ന സത്സംഗ സമ്മേളനത്തിൽ സ്വാഗത സംഘം രക്ഷാധികാരി സ്വാമി അഭയാനന്ദ തീത്ഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തും. ലോക സഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും.