കോട്ടയം : വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന പാക്കിൽ വൈ.എം.എ റോഡ് യാത്രക്കാർക്ക് തീരാദുരിതമാകുന്നു. അടുത്തകാലത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ ഇടുന്നതിനായി റോഡിന്റെ വശങ്ങൾ കുഴിച്ച് പൈപ്പ് സ്ഥാപിച്ചതോടെ ദുരിതം ഇരട്ടിയായി. വീതി കുറഞ്ഞ റോഡ് പൊട്ടിപ്പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ടതോടെ ഇതുവഴിയുള്ള യാത്ര ദുസ്സഹമായി. കോട്ടയത്ത് നിന്ന് എത്തുന്നവർക്ക് കടുവാക്കുളം ഭാഗം ചുറ്റാതെ എളുപ്പത്തിൽ പാക്കിൽ കവലയിലേക്ക് പ്രവേശിക്കുന്നതിനുള്ള എളുപ്പമാർഗമാണ് റോഡ്. നിരവധി ഫാക്ടറികളും വീടുകളും റോഡിന് ഇരുവശത്ത് സ്ഥിതി ചെയ്യുന്നുണ്ട്. വലുതും ചെറുതുമായ നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി സഞ്ചരിക്കുന്നത്. പലയിടത്തും വഴിവിളക്കുകൾ തെളിയാത്തതും അപകടങ്ങൾക്ക് ഇടയാക്കുന്നു. കല്ലും മണ്ണും ചരലും നിറഞ്ഞ റോഡിൽ ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയുന്നത് പതിവാണ്.