പാലാ : മീനച്ചിലാറിന് കുറുകെ നിർമ്മിക്കുന്ന ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ മുടങ്ങിപ്പോയ നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും പുന:രാരംഭിച്ചതായി എം.എൽ.എമാരായ അഡ്വ. മോൻസ് ജോസഫ്, മാണി സി കാപ്പൻ എന്നിവർ അറിയിച്ചു. കടുത്തുരുത്തി, പാലാ മണ്ഡലങ്ങളെ ബന്ധിപ്പിച്ച് യാഥാർത്ഥ്യമാകുന്ന സമാന്തര പാലം വിവിധ സാങ്കേതിക കാരണങ്ങളാൽ മുടങ്ങി കിടക്കുകയായിരുന്നു.

പാലത്തിന്റെ എസ്റ്റിമേറ്റിൽ വിവിധ സ്പാനുകളുടെ നിർമ്മാണ കാര്യങ്ങൾ ഇല്ലാതെ വന്നതാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കിയത്. ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം വിട്ടുപോയ കാര്യങ്ങൾ ഉൾപ്പെടുത്തി പുതുക്കിയ പ്രോജ്ര്രക് നടപ്പാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനമെടുത്തിരുന്നു. തീരുന്ന പ്രവർത്തിയുടെ പണം ലഭ്യമാക്കുന്നതിനുള്ള സാഹചര്യം ഉറപ്പുവരുത്തണം എന്നുള്ള ആവശ്യമാണ് കരാറുകാരൻ ഉന്നയിച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ ഇക്കാര്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള വിശദമായ റിപ്പോർട്ട് സർക്കാരിലേക്ക് കൊടുത്തു. എന്നാൽ ഇതുപ്രകാരമുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയാതെ വന്നതിനെ തുടർന്നാണ് വീണ്ടും പ്രതിസന്ധി സംജാതമായത്. പരമാവധി വേഗത്തിൽ ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിമാർ ഉറപ്പുനൽകി. പാലത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ക്രമീകരണങ്ങൾ മീനച്ചിലാറിനുള്ളിലും കരയിലുമായി ചെയ്തിട്ടുണ്ട്. തുടർന്ന് നടപ്പാക്കേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് വ്യക്തതയോടെ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി വിളിച്ചു ചേർക്കുമെന്ന് എം.എൽ.എമാർ അറിയിച്ചു.