mani

ഭരണങ്ങാനം. യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെ ചൂണ്ടച്ചേരി സഹകരണ ബാങ്ക് ഭരണവും മാണി ഗ്രൂപ്പിന് നഷ്ടമായി. മാണി ഗ്രൂപ്പ് പ്രതിനിധിയായ ജോണി വടക്കേമുളഞ്ഞനാലാണ് പ്രസിഡന്റ് പദവിയിൽ നിന്നു പുറത്തായത്. കേരള കോൺഗ്രസ് എം കൂടി ഉൾപ്പെട്ട യു.ഡി.എഫ് മുനണിയായിട്ടായിരുന്നു കഴിഞ്ഞ ഇലക്ഷനിൽ മൽസരിച്ചത്. ആദ്യ ടേം പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസ് എമ്മിനായിരുന്നു. എന്നാൽ മാണി ഗ്രൂപ്പ് മുന്നണി മാറിയതോടെ യു.ഡി.എഫ് പ്രതിപക്ഷത്തായി. കോൺഗ്രസ് 6, മാണി ഗ്രൂപ്പ് 6 സ്വന്തന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് 13 അംഗ ബാങ്കിലെ കക്ഷി നില. സ്വതന്ത്ര അംഗത്തിന്റെ കൂടെ പിന്തുണ ലഭിച്ചതോടെ യു.ഡി.ഫിന്റെ അംഗബലം 7 ആയി. ഒരംഗം അയോഗ്യനായതോടെ കേരള കോൺഗ്രസിന്റെ അംഗസംഖ്യ 5 ആയി കുറയുകയും ചെയ്തു. ഏഴ് ഭരണസമിതി അംഗങ്ങൾ അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ബാങ്ക് ഭരണം കൂടി നഷ്ടപ്പെട്ടതോടെ ഭരണങ്ങാനം പഞ്ചായത്തിൽ കേരള കോൺഗ്രസിന് ഒരു സ്ഥാപനത്തിലും അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ പദവികൾ ഇല്ലാതായതായി യു.ഡി.എഫ് ചെയർമാൻ ടോമി ഫ്രാൻസിസ് പൊരിയത്ത് അറിയിച്ചു. ധനകാര്യസ്ഥാപനത്തിന്റെ സർവതോൻമുഖമായ വികസനത്തിന് യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതി മുൻകൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ വിൽഫി മൈക്കിളാണ് ബാങ്കിന്റെ വൈസ് പ്രസിഡന്റ്. രണ്ടാഴ്ച മുമ്പ് ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ കേരള കോൺഗ്രസ് എം പ്രതിനിധിയായിരുന്ന വൈസ് പ്രസിഡന്റ് ജോസുകുട്ടി അമ്പലമറ്റത്തിനെ യു.ഡി.എഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു.