പാലാ : കുരുങ്ങി കുരുങ്ങി വാഹനങ്ങൾ നീണ്ടുകിടക്കുകയാണ്. എന്ത് ചെയ്യണമെന്നറിയാതെ യാത്രക്കാർ അന്തംവിട്ട് നിൽക്കുമ്പോൾ പേരിന് പോലും പൊലീസും ഇല്ല. പാലാ നഗരത്തിൽ കുറച്ച് നാളായി ഇതാണവസ്ഥ. മണിക്കൂറുകൾ കുരുക്കിനുള്ളിൽ കിടന്ന് യാത്രക്കാർ വശം കെട്ടു. ആര് കാണാൻ ഈ ദുരിതം. പാലാ നഗരത്തിലും പരിസരറോഡുകളിലും ഗതാഗതക്കുരുക്ക് അതിരൂക്ഷമായിരിക്കുകയാണ്. തിങ്കളാഴ്ച വൈകിട്ട് 5.15 ഓടെ പാലാ ബൈപ്പാസിൽ കൊട്ടാരമറ്റം ഭാഗത്തുണ്ടായ ഗതാഗതക്കുരുക്ക് ഒന്നരകിലോമീറ്ററോളം നീണ്ടു. അരുണാപുരം ഭാഗത്തുനിന്ന് പാലായ്ക്ക് വരുന്ന വാഹനങ്ങളും പാലാ ഭാഗത്തുനിന്ന് കോട്ടയം റൂട്ടിലേക്കുള്ള വാഹനങ്ങളും കുടുങ്ങി കിടന്നു. ഒടുവിൽ ബൈപ്പാസ് ചേരുന്ന വൈക്കം റോഡിൽ പാലാ ട്രാഫിക് എസ്.ഐ രാജുവും ഒരു പൊലീസുകാരനും ചേർന്ന് ഒന്നരമണിക്കൂറോളം പ്രയത്‌നം നടത്തിയതിന് ശേഷമാണ് കുരുക്കഴിക്കാൻ സാധിച്ചത്. മണിക്കൂറുകൾ എടുത്ത് ഗതാഗതക്കുരുക്ക് അഴിച്ചപ്പോഴേക്കും ഇരുവരും അവശരായി.

റോഡ് സൈഡിലേക്ക് മാറിയും കട വരാന്തകളിലേക്ക് വലിഞ്ഞും നിൽക്കുന്ന ഹോംഗാർഡുകളെക്കൊണ്ട് യാതൊരു പ്രയോജനവും ഇല്ലാത്ത അവസ്ഥയാണ്. ഇവരെ നിയന്ത്രിക്കാൻ ട്രാഫിക് പൊലീസിനോ മറ്റ് മേലധികാരികൾക്കോ കഴിയുന്നുമില്ല. പാലായിൽ ഗതാഗതം നിയന്ത്രിക്കാൻ പത്ത് ഹോംഗാർഡുകൾ നേരത്തെ ഉണ്ടായിരുന്നു. അടുത്തിടെ ഇവരെയെല്ലാം സ്ഥലം മാറ്റി പകരം അഞ്ച് ഹോംഗാർഡുമാരാണുള്ളത്. ഇതുമൂലം പ്രധാന ജംഗഷ്‌നുകളിൽ ഗതാഗതം നിയന്ത്രിക്കാൻ ആളില്ല.

ഗതാഗതം സുഗമമാക്കാൻ നടപടി സ്വീകരിക്കും

പാലായിൽ വിവിധ പ്രദേശങ്ങളിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് പരിഹരിക്കാൻ ട്രാഫിക് പൊലീസിന്റെ സേവനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും പാലാ സി.ഐ കെ.പി.ടോംസൺ പറഞ്ഞു. ഹോംഗാർഡുമാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും ഇത് പരിഹരിക്കാൻ തിരക്കേറിയ സമയങ്ങളിൽ കൂടുതൽ പൊലീസുകാരെ ട്രാഫിക് ഡ്യൂട്ടിക്ക് പ്രത്യേകമായി നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ജനറൽ ആശുപത്രി റോഡിൽ പാർക്കിംഗില്ല

ജനറൽ ആശുപത്രിയിലേക്ക് എത്തുന്ന രോഗികൾ, കൂട്ടിരിപ്പുകാർ, രോഗീസന്ദർശകർ എന്നിവരടേത് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ആശുപത്രി റോഡിൽ പാർക്കിംഗ് അനുവദിച്ചിട്ടില്ല. ഇത് സംബന്ധിച്ച് നേരത്തേ പാലാ നഗരസഭാധികൃതർ തീരുമാനമെടുത്തിരുന്നു. ജനറൽ ആശുപത്രി അങ്കണത്തിൽ നിലവിൽ പാർക്കിംഗ് ഗ്രൗണ്ട് സജ്ജീകരിച്ചിട്ടുള്ളത് ഉപയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അധികാരികൾ അഭ്യർത്ഥിച്ചു.

ജനറൽ ആശുപത്രിയിലേക്കുള്ള വീതി കുറഞ്ഞ വഴിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ച് തുടങ്ങിയതായി പൊലീസ് അറിയിച്ചു.