കൊല്ലപ്പള് ളി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണു. ബൈക്ക് യാത്രക്കാരായിരുന്ന അച്ഛനും മകളും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8 ഓടെ കൊല്ലപ്പിള്ളി - മേലുകാവ് റോഡിൽ കടനാട് ജംഗ്ഷന് സമീപമുണ്ടായ അപകടത്തിൽ മുട്ടം ചാമപ്പാറയിൽ സി.വി. ജോർജ്ജ് (59), മകൾ ഫെമി ജോർജ്ജ് (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് പൊട്ടിവീണ വൈദ്യുതി ലൈൻ ജോർജ്ജിന്റെ കഴുത്തിൽ കുരുങ്ങി. പിന്നിലിരുന്ന ഫെമിക്ക് ഷോക്കേറ്റു. ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞതോടെ ഇവർ തെറിച്ച് വീണതിനാൽ വൈദ്യുതി ഷോക്കിൽ നിന്ന് അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ഇരുവരെയും പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോട്ടോഗ്രാഫർമാരായ ജോർജ്ജും മകൾ ഫെമിയും കോട്ടയത്ത് ഫോട്ടോഗ്രാഫർമാരുടെ സംഘടന സംഘടിപ്പിച്ചിരുന്ന സെമിനാറിൽ പങ്കെടുക്കാൻ പോകവേയാണ് അപകടം. വൈദ്യുതിവകുപ്പ് അധികാരികളും മേലുകാവ് പൊലീസും സ്ഥലത്തെത്തിയിരുന്നു.