കോട്ടയം : യാത്രക്കാരെ വലച്ച് കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ഇന്നലെ ഉച്ചയ്ക്ക് പുളിമൂട് ജംഗ്ഷൻ, ടി.ബി റോഡ്, ബേക്കർ ജംഗ്ഷൻ എന്നിവിടങ്ങളിൽ വാഹനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ബേക്കർ ജംഗ്ഷനിൽ നിന്നാരംഭിച്ച കുരുക്ക് പുളിമൂട് ജംഗ്ഷൻ കഴിഞ്ഞും നീണ്ടു. മണിക്കൂറുകൾ എടുത്താണ് വാഹനങ്ങൾ ഇതുവഴി കടന്നുപോയത്. ഇന്നലെ വൈകിട്ട് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഇന്നോവ കാർ ഏറെനേരമാണ് കുരുക്കിൽപ്പെട്ടത്. പൊലീസ് വിവിധ ഭാഗങ്ങളിലുണ്ടായിരുന്നെങ്കിലും വാഹനം കടത്തിവിടാൻ കൂട്ടാക്കാതെ കാഴ്ചക്കാരായി നോക്കി നിൽക്കുകയായിരുന്നു. അവധിക്കു ശേഷം കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതാണ് കുരുക്ക് രൂക്ഷമാക്കുന്നത്. അനധികൃത പാർക്കിംഗും കുരുക്ക് രൂക്ഷമാക്കുകയാണ്. ഇരുചക്രവാഹനങ്ങൾ ഇടയിലൂടെ കുത്തിക്കയറ്റി പോകുന്നത് കാൽനടയാത്രയും ദുഷ്ക്കരമാക്കുകയാണ്. മുൻപ് രാവിലെയും വൈകിട്ടും മാത്രമായിരുന്നു കുരുക്കെങ്കിൽ ഇപ്പോൾ ഉച്ചസമയത്തും ഇറങ്ങാൻ സാധിക്കില്ല. ഇടറോഡുകളുടെ സ്ഥിതിയും സമാനമാണ്.