മരങ്ങാട്ടുപിള്ളി : മരങ്ങാട്ടുപിള്ളി കോഴിക്കൊമ്പ് കവലയിൽ അപകടം തുടർക്കഥയായിട്ടും നിസംഗത പാലിച്ച് അധികൃതർ. രണ്ടാഴ്ച മുൻപ് ബസ് സ്റ്റോപ്പിൽ നിറുത്തിയ ബസിന്റെ പുറകിലിടിച്ച കാറിലിടിച്ച് മറ്റൊരു കാർ തലകീഴായി മറിഞ്ഞിരുന്നു. പാലാ - കോഴാ റോഡിലെ ഏറ്റവും വീതി കുറഞ്ഞ ഭാഗമാണിത്. സ്വകാര്യ വ്യക്തികൾ വ്യാപകമായി പുറമ്പോക്ക് കൈയേറിയതാണ് റോഡിന് വീതി കുറയാൻ കാരണം. പത്ത് വർഷത്തിനിടെ നിരവധിപ്പേരാണ് ഇവിടെ അപകടത്തിൽപ്പെട്ട് മരിച്ചത്. സർവ്വേ നടത്തി പുറമ്പോക്ക് ഏറ്റെടുത്താൽ നിലവിലുള്ളതിന്റെ ഇരട്ടി വീതി ലഭിക്കും. എന്നാൽ, നിരവധി തവണ ആരംഭിച്ച സർവ്വേ കോഴിക്കൊമ്പിൽ എത്തും മുമ്പ് അവസാനിക്കുന്നതാണ് പതിവ്. ജനപ്രതിനിധികളുടെ ഒത്താശയോടെയാണ് ഓരോ തവണയും സർവ്വേ അട്ടിമറിക്കുന്നത്. നാട്ടുകാർ മുൻകൈയെടുത്ത് മുൻപ് സൂചനാ ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ, ഇപ്പോൾ, ബോർഡ് സ്ഥാപിക്കാൻ പോലും ഇവിടെ വീതിയില്ലാത്ത സ്ഥിതിയാണ്. റോഡിലെ അപകടാവസ്ഥ ഒഴിവാക്കി കോഴിക്കൊമ്പ് കവല അടിയന്തിരമായി വികസിപ്പിക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.