പാലാ: ഇടമറ്റം രത്‌നപ്പൻ എന്ന പരിചയക്കാരുടെയെല്ലാം ''രത്‌നപ്പൻ സാറിന്റെ'' ദേഹവിയോഗത്തോടെ ഒരു ഗാന്ധിയൻ കൂടി വിടവാങ്ങി. പ്രമുഖ ഗാന്ധിയനും എഴുത്തുകാരനും പ്രഭാഷകനുമായ ഇടമറ്റം രത്‌നപ്പന്റെ നിര്യാണം ഇന്നലെ ഉച്ചയോടെയായിരുന്നു.
മീനച്ചിൽ താലൂക്കിലെ സാംസ്‌ക്കാരിക മന്നേറ്റത്തിന് അടിത്തറ പാകിയ കർമ്മയോഗിയാണ് വിടവാങ്ങിയത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പാലാ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അഴീക്കോട്, എം.പി മന്മഥനടക്കമുള്ള സാംസ്‌ക്കാരിക പ്രവർത്തകരുടെ സമകാലികനായിരുന്നു ഇദ്ദേഹം. ദീർഘകാലം അസീസി മാസികയുടെ എഡിറ്ററും ക്രൈസ്തവ ദേവാലയങ്ങളിലെ പ്രഭാഷകനുമായിരുന്ന രത്‌നപ്പന്റെ വേർപാട് സാംസ്‌ക്കാരിക രംഗത്തിന് കനത്ത നഷ്ടമായി. നന്നേ ചെറുപ്പത്തിലെ ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായി ആ ജീവിത രീതി പിന്തുടർന്ന രത്‌നപ്പൻ മികച്ച വാഗ്മിയുമായിരുന്നു. ഇടമറ്റം വരകപ്പള്ളി എൻഎസ്എസ് ട്രയിനിങ് സ്‌കൂളിൽ അനദ്ധ്യാപകനായിരുന്നെങ്കിലും കുട്ടികൾക്ക് ക്ലാസുമെടുത്തിരുന്നു. രണ്ടു ഡസനിലേറെ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 'ഞാനെന്ന ഭാവം', 'പ്രസംഗകലയിലെ കൈത്തിരി' തുടങ്ങിയ പുസ്തകങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഗാന്ധിയുടെ ജീവചരിത്രം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തതും ഏറെ ശ്രദ്ധേമായി.ക്രൈസ്തവ ദേവാലയങ്ങളിലെ ആത്മീയ പ്രഭാഷണങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ഇടമറ്റം രത്‌നപ്പന്റെ നിര്യാണത്തിൽ എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി, മാണി സി. കാപ്പൻ എം.എൽ.എ., പാലാ സഹൃദയസമിതി ഭാരവാഹികളായ രവി പാലാ, രവി പുലയന്നൂർ, ജോസ് മംഗലശ്ശേരി, മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് സി.പി ചന്ദ്രൻ നായർ, സെക്രട്ടറി ഉഴവൂർ വി.കെ. രഘുനാഥൻ നായർ, വൈസ് പ്രസിഡന്റ് രാമപുരം പി.എസ്. ഷാജികുമാർ, എസ്.എൻ.ഡി.പി യൂണിയൻ മീനച്ചിൽ യൂണിയൻ നേതാക്കളായ എം.ബി ശ്രീകുമാർ, എം.പി. സെൻ, രാമപുരം സി.റ്റി. രാജൻ തുടങ്ങിയവർ അനുശോചിച്ചു.