പാലാ:പ്രൗഢവും ഭക്തിനിർഭരവുമായ മഹാ ശോഭായാത്രയോടെ 29ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമത്തിന് കൊടി ഉയർന്നു. പാലാ ളാലം മഹാദേവക്ഷേത്രസന്നിധിയിൽ നിന്ന് ആരംഭിച്ച ശോഭായാത്രയ്ക്ക് വാദ്യമേളങ്ങൾ, നാടൻ കലാരൂപങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, ഭജന സംഘങ്ങൾ എന്നിവ മോടി കൂട്ടി. ഡോ. എൻ.കെ.മഹാദേവൻ, അഡ്വ. രാജേഷ് പല്ലാട്ട്, റെജി കുന്നനാംകുഴി, അഡ്വ.ജി. അനീഷ് തുടങ്ങിയവർ ശോഭായാത്ര നയിച്ചു.

സംഗമ വേദിയായ വെള്ളാപ്പാട് ഭഗവതിക്ഷേത്ര സങ്കേതത്തിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറിൽ ശോഭായാത്ര എത്തിയതോടെ സ്വാഗതസംഘം രക്ഷാധികാരി സ്വാമി സ്വപ്രഭാനന്ദ മഹാരാജ് സംഗമ പതാക ഉയർത്തി. കൊളത്തൂർ അദ്വൈതാശ്രമാധിപതി സ്വാമി ചിദാനന്ദപുരി ഹിന്ദു മഹാസംഗമം ഉദ്ഘാടനം ചെയ്തു. ഹിന്ദു മഹാസംഗമത്തിന്റെ സജീവ പ്രവർത്തകനായിരുന്ന അന്തരിച്ച കെ.എൻ. രാധാകൃഷ്ണന് ഏഴാച്ചേരിയിൽ സേവാഭാരതി
നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനവും സ്വാമി നിർവഹിച്ചു. സ്വാഗതസംഘം പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു.
സ്വാമി സ്വപ്രഭാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി ഡോ.എൻ.കെ. മഹാദേവൻ സ്വാഗതവും ജന. സെക്രട്ടറി അഡ്വ.ജി. അനീഷ് നന്ദിയും പറഞ്ഞു.