പൊൻകുന്നം: കേരള വാട്ടർ അതോറിട്ടിയുടെ പൊൻകുന്നം സെക്ഷൻ ഓഫീസ് ഏതുനിമിഷവും തകർന്നു വീഴാവുന്ന നിലയിൽ ജീർണ്ണാവസ്ഥയിൽ.കെ.വി.എം.എസ്.ജംഗ്ഷനിൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്ന ബഹുനില മന്ദിരത്തിന്റെ പിൻവശത്താണ് വാട്ടർ അതോറിട്ടിയുടെ കെട്ടിടം. 50 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ പോലും കാലാകാലങ്ങളിൽ ചെയ്യാത്തതാണ് നശിക്കാൻ കാരണം. എട്ടു പേർ ജോലി ചെയ്യുന്ന കെട്ടിടത്തിന്റെ മേൽത്തട്ട് ഇളകി കമ്പി പുറത്തേക്ക് തള്ളി നിൽക്കുന്ന നിലയിലാണ്. സിമന്റു പാളി തകർന്നു ജീവനക്കാരുടെ മേൽ പതിക്കുന്നത് പതിവ് സംഭവമായിമാറി. ഭിത്തിയുടെ മുകൾഭാഗവും തകർന്നു. കെട്ടിടത്തിൽ നിന്നു തിരിയാൽ പോലും യാതൊരു സൗകര്യവും ഇല്ലാത്ത അവസ്ഥയിലാണ്.
നനഞ്ഞ് കുതിർക്കും
കെട്ടിടത്തിന്റെ പല ഭാഗങ്ങളും ചോർന്നൊലിച്ച് ഫയലുകൾ മുഴുവൻ നനഞ്ഞു കുതിർന്നു നശിക്കുന്നതായി ജീവനക്കാർ പറയുന്നു. ഇവിടെയുള്ള ഫർണിച്ചറിനും കെട്ടിടത്തിന്റെ അത്രയും പഴക്കമുള്ളതാണ്. താലൂക്കിലെ പല ഓഫീസുകളും മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുമ്പോഴാണ് വാട്ടർ അതോറിട്ടിയുടെ ഓഫീസ് ജീർണ്ണിച്ച കെട്ടിടത്തിൽ തുടരുന്നത്.