ചേനപ്പാടി: ആചാരപ്പെരുമയുടെ അടയാളമായി അവശേഷിക്കുന്ന ചേനപ്പാടിയിലെ കളരിയിൽ പത്താമുദയ ദിവസമായ നാളെ കളരിവിളക്ക് തെളിയും. ചേനപ്പാടി കിഴക്കേക്കര ഭഗവതി ക്ഷേത്രത്തിന്റെ ഭാഗമായ കളരിയിൽ കളരിപരമ്പര ദൈവങ്ങൾക്കായി വർഷത്തിൽ ഒരിക്കൽ നടത്തുന്ന പൂജയാണ് നാളെ നടക്കുന്നത്. തലമുറകൾക്ക് മുൻപ് യുദ്ധവീരന്മാർ ഇവിടെ ആയോധന പരിശീലനം നേടിയെന്നാണ് ഐതിഹ്യം. കിഴക്കേക്കര ഭഗവതി ക്ഷേത്രത്തിന്റെ പിന്നിലെ മലയിലാണ് കളരി. കളരിയോട് ചേർന്ന് അയ്യപ്പക്ഷേത്രവുമുണ്ട്. പന്തളരാജകുമാരനായ മണികണ്ഠൻ എരുമേലിയെ കൊള്ളക്കാരിൽ നിന്ന് രക്ഷിച്ച് വില്ലാളിവീരനായ ഐതിഹ്യത്തിന്റെ തുടർച്ചയായി വില്ലാളിവീരഭാവത്തിലാണിവിടെ പ്രതിഷ്ഠ.
നാളെ രാവിലെ 9ന് കളരിപൂജ തുടങ്ങും. കളരിക്കുള്ളിലെ ശ്രീകോവിലിൽ ചാമുണ്ഡി, ചക്രേശ്വരി, ഭുവനേശ്വരി, ശ്രീപോർക്കലി, കളരിഭദ്ര, മലമൂർത്തി, ഗന്ധർവൻ, ശരഭയക്ഷി എന്നീ പ്രതിഷ്ഠകളും കളരിത്തറയിൽ ഗണപതി, കളരിക്കുറുപ്പ്, കുടുംബക്കാരണവർ എന്നീ പ്രതിഷ്ഠകളുമാണുള്ളത്.
തെക്കുംകൂർ രാജവംശം, ഇടപ്പള്ളി രാജവംശം എന്നിങ്ങനെ രാജ്യാധികാരം മാറി മാറി വന്ന കാലത്ത് മറ്റയ്ക്കാട്ട് കുടുംബത്തിനായിരുന്നു പ്രദേശത്തിന്റെ ചുമതല. അവരുടെ ചുമതലയിലായിരുന്നു കളരിയും. പിന്നീട് തിരുവിതാംകൂർ രാജവംശം ആധിപത്യം സ്ഥാപിച്ചപ്പോൾ കൊങ്ങൂർപ്പള്ളി മനയ്ക്കായിരുന്നു കളരിയുടെയും ക്ഷേത്രത്തിന്റെയും അധികാരം. അവർ പിന്നീട് മറ്റയ്ക്കാട്ട് പണിക്കർക്ക് തന്നെ ചുമതല കൈമാറി. മറ്റയ്ക്കാട്ട് കുടുംബം എൻ.എസ്.എസിന് കൈമാറിയതാണ് കളരിയുൾപ്പെടുന്ന ക്ഷേത്രസങ്കേതം.