കോട്ടയം: ഒറ്റ മഴയേ വേണ്ടൂ... പിന്നെ ഗുഡ്‌ഷെഡ് റോഡ് ചെളിയിൽ കുഴയും. റെയിൽവേ സ്റ്റേഷനു സമീപത്തെ ഗുഡ്‌ഷെഡ് റോഡിലൂടെയുള്ള യാത്ര ഏതൊരാൾക്കും ദുരിതമായി മാറുകയാണ്. മുള്ളൻകുഴി പാലത്തിൽനിന്നും ഗുഡ്‌ഷെഡ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായി രൂപപ്പെട്ടിരിക്കുന്ന കുഴികളാണ് യാത്രക്കാരെ വലയ്ക്കുന്നത്. മദർതെരേസ റോഡിൽ നിന്നും നാഗമ്പടം പാലത്തിലേക്കും ഇറഞ്ഞാൽ, കളക്ട്രേറ്റ്, കഞ്ഞിക്കുഴി, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് എളുപ്പം എത്താൻ ആളുകൾ പ്രധാനമായും ഗുഡ്‌ഷെഡ് റോഡിനെയാണ് ആശ്രയിക്കുന്നത്. ദിനംപ്രതി നൂറ് കണക്കിന് ആളുകളാണ് ഇതുവഴി കടന്നുപോകുന്നത്. നാഗമ്പടം മേൽപ്പാലത്തിലേക്ക് ട്രാഫിക്ക് ബ്ലോക്ക് ഒഴിവാക്കി എത്തിച്ചേരാനുള്ള എളുപ്പമാർഗം കൂടിയാണിത്. എന്നാൽ റോഡിൽ തുടക്കത്തിൽതന്നെ വലിയ കുഴികൾ രൂപപ്പെട്ട നിലയിലാണ്. ഈ ഭാഗത്ത് വെള്ളക്കെട്ടും രൂക്ഷമാണ്. ഈ പ്രദേശം ഇപ്പോൾ ചെളിക്കുളത്തിന് സമാനമാണ്. ഇരുചക്രവാഹനയാത്രികർ ചെളിയിൽ വീഴുന്ന സാഹചര്യവുമുണ്ട്.

ചെളിയിൽ കുളിക്കും

വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രികർ ചെളി തെറിക്കാതിരിക്കാൻ റോഡിന് വശത്തെ കാടിന് സമീപത്തേക്ക് മാറി നിൽക്കേണ്ട അവസ്ഥയാണ്. അതേസമയം റെയിൽവേ പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ, നാഗമ്പടത്തുനിന്നും ഗുഡ്‌ഷെഡ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് പൊടിമണ്ണ് നിറഞ്ഞ നിലയിലാണ്. മഴയിൽ ഇവിടെയും ചെളി നിറയുന്ന സാഹചര്യമാണ്.