ചങ്ങനാശേരി: ആനപ്രേമികൾ ആവേശത്തിൽ. ഒരിക്കൽകൂടി ഗജരാജാക്കന്മാരുടെ സംഗമവേദിയായി ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രം ഇന്ന് മാറും. പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി വിവിധ കരകളിൽ നിന്നുള്ള കാവടി കുംഭകുട ഘോഷയാത്രകൾക്ക് അകമ്പടിയായിട്ടാണ് കരിവീരന്മാർ ക്ഷേത്രത്തിൽ എത്തുന്നത്. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന ഗജമേളയിൽ തലയെടുപ്പിൽ ഒന്നാമതെത്തുന്ന ഗജരാജൻ ദേവിയുടെ തിടമ്പേറ്റും. പുതുപ്പള്ളി കേശവൻ, മംഗലാംകുന്ന് അയ്യപ്പൻ, ഉഷശ്രീ ശങ്കരൻകുട്ടി, മംഗലാംകുന്ന് ശരൺ അയ്യപ്പൻ, ചീരോത്ത് രാജീവ്, ചിറക്കര ശ്രീറാം, തടത്താവിള രാജശേഖരൻ, ആനയടി അപ്പു, ചൈത്രം അച്ചു, കല്ലൂർതാഴെ ശിവസുന്ദർ, കൊല്ലം പഞ്ചമത്തിൽ ദ്രോണ, പെരിങ്ങിലിപ്പുറം അപ്പു, ചെമ്മരപ്പള്ളി ഗംഗാധരൻ, ചെമ്മരപ്പള്ളി മാണിക്യം, വിഷ്ണുലോകം രാജസേനൻ, കരുവന്തല ഗണപതി തുടങ്ങിയ ഗജരാജാക്കന്മാർ ഗജമേളയിൽ പങ്കെടുക്കും.

ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ദേവസ്വം വകയായി രാവിലെ 11.30 മുതൽ അന്നദാനം ആരംഭിക്കും. രാവിലെ 7.30ന് ശ്രീബലി, 8.30ന് കാവടി പുറപ്പാട്, പത്തിന് കുംഭകുടം എഴുന്നള്ളിപ്പ്, നാലിന് ഗജമേള, അഞ്ചിന് സേവ, ദീപാരാധന, പഞ്ചാരിമേളം അന്നമനട ഹരീഷ്മാരാരും സംഘവും, 11ന് പുലവൃത്തം കളി, 12ന് പള്ളിവേട്ട എന്നിവയാണ് പരിപാടികൾ.