വൈക്കം : കഷ്ടിച്ച് ഒരു ഓട്ടോറിക്ഷ കടന്നുപോകും... തലയാഴം കൂവം ചേന്തുരുത്ത് ഭാഗത്ത് കെ വി കനാലിന് കുറുകെയുള്ള ഇടുങ്ങിയ പാലം വികസനത്തിന് വിലങ്ങുതടിയാണെന്ന് പ്രദേശവാസികൾ ഒരേസ്വരത്തിൽ പറയുന്നു. ഇവിടെ വീതികൂട്ടി ഗതാഗത യോഗ്യമായ പാലം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുമ്പ് പ്രദേശവാസികൾ കടത്തുവള്ളത്തിലാണ് മറുകര കടന്നിരുന്നത്. 20 വർഷങ്ങൾക്ക് മുൻപ് കനാലിന് കുറുകെ വീതി കുറഞ്ഞ പാലം നിർമ്മിച്ചതോടെയാണ് കടത്ത് നിലച്ചത്. ഒരു ഓട്ടോറിക്ഷയ്ക്കു കഷ്ടിച്ചു കടന്നുപോകാൻ മാത്രം വീതിയുള്ള പാലം പാെളിച്ച് പുതിയ പാലം നിർമ്മിക്കണമെന്ന് പലവട്ടം ആവശ്യമുയർന്നിരുന്നു. പാലത്തിനിരുവശവും എട്ടു മീ​റ്റർ വീതിയിൽ റോഡുണ്ട്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രധാന തോടായതിനാൽ തോടിന്റെ വീതി കുറച്ചു പാലം നിർമ്മിക്കാനാവില്ല. ത്രിതല പഞ്ചായത്തു ഫണ്ട് അപര്യാപ്തമായതിനാൽ പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചാൽ മാത്രമേ പാലം യാഥാർഥ്യമാകുവെന്ന് നാട്ടുകാർ പറയുന്നു.

സമാന്തര പാത

തോട്ടകത്ത് നിന്ന് ചേന്തരുത്ത് കൂവം കണ്ടംതുരുത്ത് വഴി ഇടയാഴം കല്ലറ റോഡിലാണ് ചേരുന്നത്. പാലം യാഥാർഥ്യമായാൽ ഈ റൂട്ട് വൈക്കം വെച്ചൂർ റോഡിനു സമാന്തര പാതയാകും. വൈക്കം വെച്ചൂർ കൈപ്പുഴമുട്ട് റോഡിലെ ഗതാഗത കുരുക്കിനും സമാന്തര പാത ഒരു പരിധി വരെ പരിഹാരമാകും.