മുണ്ടക്കയം: മഹാപ്രളയത്തിൽ മണിമലയാറ്റിലും കൈതോടുകളിലും വന്നടിഞ്ഞ മണലും കല്ലും മണ്ണും നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുന്നു. മുണ്ടക്കയം, കൂട്ടിക്കൽ, എരുമേലി പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ശുചീകരണ പദ്ധതി നടപ്പാക്കുന്നത്. കൂട്ടിക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുല്ലകായാറ്റിലെ മണലും, കല്ലും, ചെടികളും നീക്കം ചെയ്യുന്ന ജോലികൾ ഏതാനും ആഴ്ചകൾക്ക് മുമ്പ് ആരംഭിച്ചിരുന്നു. മുണ്ടക്കയം, എരുമേലി പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വിപുലമായ രീതിയിലാണ് മണൽ നീക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ്, റവന്യൂ, ഇറിഗേഷൻ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. വാരിനീക്കുന്ന മണൽ വില നിശ്ചയിച്ച് ലേലം ചെയ്യും. തുകയുടെ 70 ശതമാനം ഗ്രാമപഞ്ചായത്തുകൾക്കും 30 ശതമാനം റവന്യൂ വകുപ്പിനു ലഭിക്കും. ഇത് നദിയുടെ പുനരുജ്ജീവനത്തിനായി വിനിയോഗിക്കും. കാലവർഷത്തിന് മുമ്പായി നദിയിലെ മാലിന്യം പരമാവധി നീക്കം ചെയ്യുമെന്ന് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. വി അനിൽകുമാർ പറഞ്ഞു