കോട്ടയം : കോട്ടയം നഗരസഭയിൽ 2019-20 സാമ്പത്തിക വർഷം 33.85 കോടി രൂപയുടെ പദ്ധതി പാഴാക്കിയെന്ന ഓഡിറ്റ് റിപ്പോർട്ടിൽ ബഹളമയമായി കൗൺസിൽ യോഗം. ഒടുവിൽ ഏഴു അജണ്ടകൾ ചർച്ച ചെയ്തശേഷം ബാക്കി മാറ്റിവച്ചു. രണ്ടര വർഷമായി റിപ്പോർട്ട് കൗൺസിലിൽ വയ്ക്കുന്നില്ലെന്നും ചെയർപേഴ്‌സൺ അഴിമതിയ്ക്ക് കുടപിടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ഷീജ അനിൽ ആരോപിച്ചു. റിപ്പോർട്ട് ചർച്ച ചെയ്യാൻ മാത്രമായി കൗൺസിൽ ചേരാമെന്ന മറുപടിയെ തുടർന്ന് അജണ്ട ചർച്ചയിലേക്കു കടന്നു. തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സ് പൊളിക്കലും തർക്കത്തിനിടയാക്കി. ചിലർക്കായി ഇളവ് നൽകുന്നെന്ന പ്രതിപക്ഷ ആരോപണത്തിന് ഷോപ്പിംഗ് കോംപ്ലക്‌സിലെ ഹോട്ടൽ കെട്ടിടം 1979 ലാണ് നിർമ്മിച്ചതെന്നും മറ്റു കെട്ടിടങ്ങൾ 1962 ൽ നിർമ്മിച്ചതാണെന്നും രണ്ടു കെട്ടിടങ്ങളും തമ്മിൽ 18 വർഷത്തെ വ്യത്യാസമുണ്ടെന്നും വൈസ് ചെയർമാൻ ബി.ഗോപകുമാർ മറുപടി നൽകി. പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കുന്നത് നഗരസഭയ്ക്ക് പുതിയ വരുമാന മാർഗം കണ്ടെത്താനാണെന്നും കച്ചവടക്കാരെ നഗരസഭയുടെ നാഗമ്പടം സ്റ്റാൻഡിലുൾപ്പെടെയുള്ള ഒഴിഞ്ഞു കിടക്കുന്ന കടമുറികളിലേയ്ക്ക് പുനരധിവസിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് പദ്ധതിയിൽ വീട്

വടവാതൂർ ഡംപിംഗ് യാർഡിന് സമീപത്തെ നഗരസഭ വസ്തുവിൽ താമസിക്കുന്ന 11 കുടുംബങ്ങൾക്ക് വസ്തു അനുവദിക്കുന്ന വിഷയത്തിലും തർക്കമുണ്ടായി. വർഷങ്ങളായി ഇവിടെ താമസിക്കുന്നവർക്ക് സ്ഥലം അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ കുടുംബങ്ങൾക്കു മറ്റൊരു സ്ഥലം നൽകാമെന്ന നിർദ്ദേശമാണ് ഭരണപക്ഷം മുന്നോട്ട് വച്ചത്. സാങ്കേതിക തടസങ്ങളും നിരത്തി. ഒടുവിൽ തർക്കം മൂത്തതോടെ ലൈഫ് പദ്ധതിയിൽപ്പെടുത്തി വീട് നല്കാമെന്ന് ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചു.