പാലാ : പട്ടാപ്പകൽ ബേക്കറിയിൽ നിന്നും 5000ത്തോളം രൂപാ തട്ടിയെടുത്ത വിരുതനെ തിരഞ്ഞ് പൊലീസ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.10 ഓടെ പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പ്രവർത്തിക്കുന്ന പാരഡൈസ് ബേക്കറിയിലാണ് സംഭവം. ഷർട്ട് ഊരിമാറ്റി മുണ്ട് മാത്രം ധരിച്ച് തലകറങ്ങുന്നതായി ഭാവിച്ച് 40 വയസോളം തോന്നിക്കുന്ന ഒരാൾ കടയിലേക്ക് കയറിവന്നു. കടയിലുള്ള കസേരയിൽ ഇരിക്കാൻ ശ്രമിച്ച ഇയ്യാളെ ബേക്കറിയിലെ ജീവനക്കാരൻ താക്കീത് ചെയ്തു. തുടർന്ന് യാത്രക്കാർക്ക് വിശ്രമിക്കാനുള്ള ഭാഗത്തിരുത്തി. നാരാങ്ങാവെള്ളം നൽകുകയും ചെയ്തു. ഇതിനിടെയാണ് കടയുടമയുടെ കണ്ണുവെട്ടിച്ച് ഇയാൾ മോഷണം നടത്തിയത്. മേശയിലെ തുക പരിശോധിച്ചപ്പോഴാണ് ഉടമയ്ക്ക് തട്ടിപ്പ് മനസിലായത്. കടയിലെ സി.സി.ടി.വിയിൽ മോഷണ ദ്യശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. തുടർന്ന് ഉടമ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് എസ്.എച്ച്.ഒ കെ.പി.ടോംസൺ പറഞ്ഞു.