
കോട്ടയം: ഗ്രൂപ്പുകൾ കോൺഗ്രസിനെ വിഴുങ്ങരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കോട്ടയം ഡി.സി സി നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രൂപ്പുകൾ വേണ്ടെന്ന അഭിപ്രായമില്ല. എന്നും ഓഫീസിൽ കയറി ഇറങ്ങുന്നവർ ഭാരവാഹികളാകുന്നു. പ്രവർത്തിക്കുന്നവർ എന്നും പ്രവർത്തകരും. ഡി.സി.സി ഓഫീസിൽ വരവ് വയ്ക്കുന്നവരെയല്ല പ്രവർത്തകരെയാണ് ശക്തിപ്പെടുത്തേണ്ടത്. യൂണിറ്റ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തന മികവ് നോക്കി വേണം ഭാരവാഹിത്വം നൽകാൻ. നേതാക്കൾക്ക് ക്ഷാമമില്ലെങ്കിലും അവരെകൃത്യമായി ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒലിച്ചു പോക്ക് ശക്തം: കെ. സുധാകരൻ
കോൺഗ്രസിൽ നിന്ന് ഒലിച്ചു പോക്ക് ശക്തമായതായും, സാധാരണക്കാരിൽ നിന്ന് അകന്നതായും നേതൃയോഗം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. സമുദായ സംഘടനകൾ പോലും അകലുകയാണ്. ജനകീയ പ്രശ്നങ്ങൾക്കു മുന്നിൽ പ്രവർത്തകർ നിൽക്കാത്തതാണ് ഇതിന് കാരണം. പ്രവർത്തകരെ സംരക്ഷിച്ചില്ലെങ്കിൽ ആരും ഒപ്പം നിൽക്കില്ല. കോൺഗ്രസിന് ഇനിയും നന്നാവാം. അല്ലെങ്കിൽ തുലയാം. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് നേതാക്കളും പ്രവർത്തകരുമാണെന്നും അദ്ദേഹം പറഞ്ഞു.