
കോട്ടയം . മദ്ധ്യകേരളത്തിൽ കോൺഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്ന കോട്ടയത്ത് തളർവാതം പിടിപെട്ട് കിടപ്പിലായ പാർട്ടിയെ കൈ പിടിച്ച് ഉയർത്താൻ നേതാക്കളെത്തി. കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, യു ഡി എഫ് കൺവീനർ എം എം ഹസൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർക്കൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കളും പങ്കെടുത്ത യോഗത്തിന്റെ പൊതു വികാരം. "ഇനിയെങ്കിലും നന്നാകാൻ ശ്രമിക്കുക, അല്ലെങ്കിൽ തുലയുക" എന്നതായിരുന്നു. കോൺഗ്രസ് കോട്ടയത്ത് ഒന്നാമത്തെ പാർട്ടിയായിരുന്നു. ഇന്ന് തളർച്ചയിലാണ്. നാശത്തിലേക്കുള്ള തിരിച്ചു പോക്കിലാണ്. തിരിച്ചുവരവിന് പ്രയാസമില്ലാത്ത ജില്ലയാണ്. സാധാരണക്കാരുമായി നേതാക്കൾക്ക് ബന്ധമില്ല. ഈ ശൈലി ആദ്യം മാറണം. വാർഡ്, ബൂത്ത് തലത്തിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിച്ച് ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടണം. 5000 യൂണിറ്റ് കമ്മിറ്റികളുടെ സ്ഥാനത്ത് ഇതുവരെ നാലിലൊന്ന് പോലുമായില്ല. മേയ് 31 ന് മുമ്പ് മുഴുവൻ യൂണിറ്റ് കമ്മിറ്റികളും ഉണ്ടാക്കണമെന്ന കർശന നിർദ്ദേശം നൽകിയാണ് സുധാകരൻ പ്രസംഗം അവസാനിപ്പിച്ചത്. 31 ന് മുമ്പ് അയ്യായിരത്തിലേറെ കമ്മിറ്റികൾ ഉണ്ടാക്കുമെന്ന ഉറപ്പ് ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് നൽകി.
കോട്ടയത്തെ ഗ്രൂപ്പ് രാഷ്ട്രീയത്തെ വിമർശിച്ചായിരുന്നു സതീശന്റെ പ്രസംഗം. എൺപത് ശതമാനം ജനാധിപത്യ വിശ്വാസികളുള്ള കോട്ടയത്തിന്റെ മനസ് കോൺഗ്രസിനൊപ്പമായിരുന്നു. സി പി എം അതിലേക്ക് ഇരച്ചു കയറി. താഴെത്തട്ടിൽ പാർട്ടി ദുർബലമായെന്നും അദ്ദേഹം പറഞ്ഞു. ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ സി ജോസഫ്, ആന്റോ ആന്റണി എം പി, ജോസഫ് വാഴക്കൻ, ടോമി കല്ലാനി, ജോസി സെബാസ്റ്റ്യൻ, പി എ സലീം, വി പി സജീന്ദ്രൻ, പി എസ് രഘുറാം, ടി യു രാധാകൃഷ്ണൻ, ജോഷി ഫിലിപ്പ്, ഫിലിപ്പ് ജോസഫ്, ജി ഗോപകുമാർ, പി ആർ സോന, ശോഭ സലിമോൻ, മോഹൻ കെ നായർ തുടങ്ങിയവർ പ്രസംഗിച്ചു.