മുണ്ടക്കയം: വേനൽ മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റിൽ റ്റി.ആർ.ആൻ.റ്റി എസ്റ്റേറ്റ്,മഞ്ഞക്കല്ലോരം,പനയ്ക്കച്ചിറ മേഖലയിൽ വ്യാപകനാശം. പ്രദേശത്ത് നിരവധി മരങ്ങൾ കടപുഴകിവീണു. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് സംഭവം. മരം വീണ് മേഖലയിലെ വൈദ്യുതി പോസ്റ്റുകളും നശിച്ചു. മഞ്ഞക്കല്ലോരം മേഖലയിലാണ് നാശമേറെ. ഇവിടെ പാഴ്മരങ്ങൾ ഉൾപ്പെടെ എസ്റ്റേറ്റ് പാതയിലേയ്ക്ക് വീണു. പനക്കച്ചിറ 504 കണ്ടംകാനായി അനിത അച്ചൻകുഞ്ഞിന്റെ വീടിന് മുകളിലേക്ക് മരം വീണ് ഭാഗികമായി നാശമുണ്ടായി. ഇല്ലിക്കുളം ഗിരീഷിന്റെ വീടിന് മുകളിലേക്ക് സമീപത്തെ തെങ്ങിൽ നിന്നും ഓലകളും തേങ്ങയും വീണ് മേൽക്കൂര നശിച്ചു. സമീപത്തെ റബർ തോട്ടങ്ങളിലും എസ്റ്റേറ്റ് മേഖലയിലും ആയിരക്കണക്കിന് മരങ്ങളാണ് കടപുഴകി വീണത്. മഞ്ഞക്കല്ലോരത്ത് മുത്തുമാരിയമ്മൻ ക്ഷേത്രത്തിന് സമീപത്തെ ആൽമരം കടപുഴകി വീണു.