പാലാ ഉഴവൂർ റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് മുടക്കുന്നു

പാലാ: ''ചാച്ചന്'' തോന്നണം ഉഴവൂർ വഴി ബസ് ഓടണമെങ്കിൽ... ഒന്നര മണിക്കൂർ കഴിഞ്ഞ് ബസ് ഓടിയാൽ മതിയെന്ന് ചാച്ചൻ തീരുമാനിച്ചാൽ അത്രയേയുള്ളൂ കാര്യം. യാത്രക്കാർ പെടാപ്പാട് പെടും. ഉദ്യോഗസ്ഥർ ഒന്നും കണ്ടില്ലെന്ന് നടിക്കും. പാലാ ഉഴവൂർ റൂട്ടിലെ ബസ് യാത്രക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിൽ ഒന്നാണിത്. പാലാ ഉഴവൂർ റൂട്ടിൽ രണ്ട് സ്വകാര്യ കുത്തക ബസുകൾക്കാണ് പെർമിറ്റ് നൽകിയിട്ടുള്ളത്. എന്നാൽ തങ്ങളുടെ ബസ് എപ്പോഴൊക്കെ ഓടണമെന്നും തീരുമാനിക്കുന്നതും ഈ ഉടമകൾ തന്നെ. ഇന്നലെ രാവിലെ 9.50ന് ഉഴവൂർക്ക് ഒരു ബസ് പോയതിന് ശേഷം അടുത്ത ബസ് പോകുന്നത് 11.45ന്. ഇതിനിടയ്ക്ക് 10.45 നും 11.05 നും 11.20 നുമൊക്കെ ബസുകൾക്ക് പെർമിറ്റ് ഉണ്ടെങ്കിലും ഈ ട്രിപ്പുകൾ ഒന്നും ഇന്നലെ ഓടിയില്ല. ഇവ എല്ലാം ഒരു ഉടമയുടെ ബസുകളും! പാലായിൽ നിന്ന് വലവൂർ, കുടക്കച്ചിറ, ഉഴവൂർ മേഖലകളിലേക്കുള്ള യാത്രക്കാരെല്ലാം ബസ് ഇല്ലാത്തതുമൂലം വളരെയധികം വിഷമിച്ചു. ഈ നാല് സമയങ്ങളിലും പോകേണ്ടത് ഒരു സ്വകാര്യ കമ്പനിയുടെ ബസുകളായിരുന്നു. ഇവരാകട്ടെ തോന്നുംപടിയാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നതും. ഉഴവുരിലെയും പാലായിലെയും ഗതാഗത വകുപ്പ് ഓഫീസുകളിലെ ചില ജീവനക്കാർക്ക് മാസപ്പടി കൊടുത്തുകൊണ്ടാണ് സ്വകാര്യ ബസ് ഉടമകളടെ ഈ തോന്ന്യാസമെന്ന് പരക്കെ ആക്ഷേപമയുർന്നിട്ടുണ്ട്.


യൂണിഫോമും വേണ്ട!

ഉഴവൂർ റൂട്ടിൽ പോകുന്ന സ്വകാര്യ ബസുകളിലെ പല ജീവനക്കാർക്കും കാക്കിയോട് അയിത്തമാണ്. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ എറണാകുളത്തുനിന്നും ഉഴവൂർ പാലാ വഴി ഈരാറ്റുപേട്ടക്ക് പോയ ക്രിസ്റ്റീൻ ബസിലെ കണ്ടക്ടർക്കും ഡ്രൈവർക്കും യൂണിഫോം ഉണ്ടായിരുന്നില്ല. ബസിലെ യാത്രക്കാർ അറിയിച്ചതനുസരിച്ച് ടൗൺ ബസ് സ്റ്റാൻഡ് പടിക്കൽ പാലാ ട്രാഫിക് പൊലീസ് ബസ് തടയുകയും യൂണിഫോം ധരിക്കാത്ത ഡ്രൈവറിൽ നിന്നും പിഴ ഈടാക്കുകയും ചെയ്തു. കണ്ടക്ടർക്കും യൂണിഫോം ഇല്ലെന്ന് യാത്രക്കാർ ട്രാഫിക് പൊലീസിനെ അറിയിച്ചെങ്കിലും അത് ഗൗനിക്കാതെ ഡ്രൈവറെ മാത്രം പൊലീസ് എയ്ഡ് പോസ്റ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി പിഴ ഈടാക്കുകയായിരുന്നു.

ഫോട്ടോ അടിക്കുറിപ്പ്

1. എറണാകുളം ഈരാറ്റുപേട്ട റൂട്ടിലോടുന്ന ക്രിസ്റ്റീൻ ബസിലെ ഡ്രൈവറെ യൂണിഫോം ധരിക്കാത്തതിനെ തുടർന്ന് പാലാ ട്രാഫിക് പൊലീസ് പിടികൂടിയപ്പോൾ

2. എറണാകുളം ഈരാറ്റുപേട്ട റൂട്ടിലോടുന്ന ക്രിസ്റ്റീൻ ബസിലെ കണ്ടക്ടർ യൂണിഫോം ധരിക്കാതെ ജോലി ചെയ്യുന്നു.