
കോട്ടയം . മീനിൽ വ്യാപകമായി രാസവസ്തുക്കൾ ചേർക്കുന്നുണ്ടെന്ന പ്രചരണം തള്ളി ഭക്ഷ്യസുരക്ഷാ വിഭാഗം. ജില്ലയിൽ നടത്തിയ പരിശോധനയിൽ ഒരിടത്തും രാസവസ്തുക്കൾ ചേർത്ത മീൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വാദം. അതിർത്തി ജില്ലകളിൽ പച്ചമീൻ കഴിച്ച് പൂച്ചചാവുകയും വീട്ടമ്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങുണ്ടാകുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് 'ഓപ്പറേഷൻ സാഗർ റാണി' എന്ന പേരിൽ ഭക്ഷ്യസുരക്ഷാ വിഭാഗം റെയ്ഡ് നടത്തിയത്. മീനിലെ രാസവസ്തുക്കളുടെ സാന്നിദ്ധ്യം പരിശോധിക്കാൻ അമോണിയ കിറ്റും ഫോർമാലിൻ കിറ്റുമാണ് ഉപയോഗിക്കുന്നത്. മീനിന്റെ സാമ്പിൾ റീ ഏജന്റുകളുടെ സഹായത്തോടെ സ്ട്രിപ്പ് ഉപയോഗിച്ച് പരിശോധിക്കുമ്പോൾ നിറം മാറുന്നതിന്റെ അടിസ്ഥാനത്തിലാണ് രാസവസ്തുക്കളുണ്ടോയെന്ന് മനസ്സിലാക്കുന്നത്. കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി വികസിപ്പിച്ചെടുത്ത കിറ്റ് സ്വകാര്യ ഏജൻസിയാണ് വിതരണം ചെയ്യുന്നത്. എന്നാൽ കിറ്റ് ഉപയോഗിച്ച് പ്രധാന മാർക്കറ്റുകളിലെല്ലാം നടത്തിയ പരിശോധനയിൽ രാസവസ്തു കണ്ടെത്താനായില്ല.
തത്ക്കാലം താക്കീത്.
കഴിഞ്ഞ ദിവസം ജില്ലയിൽ നിന്ന് പിടികൂടിയ ചീഞ്ഞ മീൻ നശിപ്പിക്കുകയാണ് ചെയ്തത്. മുൻപ് രാവസവസ്തുക്കൾ മീനിൽ നിന്ന് പിടികൂടിയപ്പോൾ പിഴയ്ക്കപ്പുറം നിയമനടപടികൾ സ്വീകരിച്ചിട്ടില്ല. പരിശോധനാ ഫലം ലഭിക്കുന്നതിന്റെ കാലത്താമസവും ബുദ്ധിമുട്ടുകളും കാരണമാണ് നിയമനടപടികളിലേക്ക് നീങ്ങാതിരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ഇനി സാമ്പിൾ നിയമപരമായി ശേഖരിച്ച് പരിശോധിക്കാനുള്ള സൗകര്യം ജില്ലയിൽ സജ്ജമായിട്ടുണ്ട്. ഇപ്പോൾ എല്ലാ ജില്ലകളിലും അതിശീതീകരണികളും മറ്റു സൗകര്യങ്ങളുമുണ്ട്. എത്രനാൾ വേണമെങ്കിലും സാമ്പിൾ സൂക്ഷിക്കാം. സാമ്പിൾ കൊണ്ടുപോകുന്നതിനുള്ള കോൾഡ് ബോക്‌സുകളും ലഭ്യമാണ്.
പഴകിയ മീൻ കഴിച്ചാൽ.
ഛർദി, വയറിളക്കം, ഭക്ഷ്യവിഷബാധ തുടങ്ങിയവ.
രാസവസ്തുക്കൾ ഉപയോഗിച്ച മീൻ പതിവായി കഴിച്ചാൽ കാൻസർ
ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അലക്‌സ് കെ. ഐസക് പറയുന്നു.
രാസവസ്തുക്കൾ ചേർത്ത മീൻ വിൽക്കുന്നില്ലെന്ന് ഉറപ്പാണ്. മീൻ കിട്ടാനില്ലാത്ത സമയമാണിത്. ആവശ്യത്തിന് ഐസ് ഇട്ട് സൂക്ഷിക്കാത്തതിനാലാണ് മീൻ പഴകിയത്.