പാലാ: പത്താമുദയ ഉത്സവ ഭാഗമായി ക്ഷേത്രങ്ങളിലും കാവുകളിലും ഇന്നലെ വിശേഷാൽ പൂജകൾ നടന്നു.

ഉഴവൂർ തച്ചിലംപ്ലാക്കൽ സർപ്പക്കാവിൽ സർപ്പങ്ങൾക്ക് നൂറുംപാലും കൊടുത്തു. കാവിൽ ദേവപ്രശ്‌ന ചിന്തയും നടന്നു. ദൈവജ്ഞൻ ഉഴവൂർ മനോജിന്റെ നേതൃത്വത്തിലായിരുന്നു പ്രശ്‌ന ചിന്ത. സർപ്പപൂജയ്ക്ക് സജി നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. തച്ചിലംപ്ലാക്കൽ സർപ്പക്കാവ് പ്രതിനിധി കെ. വിജയകുമാർ പ്രശ്‌ന ചാർത്ത് ഏറ്റുവാങ്ങി.

അരുണാപുരം ആനക്കുളങ്ങര ദേവീക്ഷേത്രത്തിൽ നടന്ന കുംഭകുട ഘോഷയാത്രയിൽ നിരവധി ഭക്തർ പങ്കെടുത്തു.

നെച്ചിപ്പുഴൂർ തച്ചേട്ടുമനക്കാവിൽ നാരായണീയം, ഗുരുതി, ഭക്തിഗാന ഭജനാമൃതം, മഹാപ്രസാദമൂട്ട്, മുടിയാട്ടം എന്നിവ നടന്നു.

ഇടനാട് പേണ്ടാനവംവയൽ ബാലഭദ്ര ക്ഷേത്രത്തിൽ മഹാഗണപതിഹോമം, പഞ്ചദ്രവ്യകലശപൂജ, പ്രസാദൂമൂട്ട്, പൂമുടൽ വഴിപാട്, ഗുരുതി എന്നിവയായിരുന്നു ചടങ്ങുകൾ.

ഐങ്കൊമ്പ് പാറേക്കാവിൽ മഹാസർവൈശ്വര്യപൂജ, ദീപാരാധന, ചുറ്റുവിളക്ക്, കലാസന്ധ്യ എന്നിവ നടന്നു.