പൊൻകുന്നം:നൂറിന്റെ നിറവിൽ അടിമുടി മാറാനൊരുങ്ങുകയാണ് പൊൻകുന്നം അട്ടിക്കൽ എസ്.ഡി.യു.പി സ്‌കൂൾ. 98 വർഷം പൂർത്തിയാക്കി അടുത്ത നൂറ്റാണ്ടിലേക്ക് പാദമൂന്നാൻ രണ്ടുവർഷംമാത്രം ശേഷിക്കുമ്പോൾ കേരളത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നായി എസ്.ഡി.യു.പി.സ്‌കൂൾ മാറുമെന്ന് മാനേജർ പി.എസ്.മോഹനൻനായർ പറഞ്ഞു. വിദ്യാർത്ഥികൾക്കായി ഏറ്റവും മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണ് മാനേജ്‌മെന്റും അദ്ധ്യാപകരും. ഇരുനില മന്ദിരത്തിന്റെ നിർമ്മാണത്തിന് തുടക്കമായി.ഒരുവർഷംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആര്യസമാജ സ്ഥാപകൻ സ്വാമി ദയാനന്ദ സരസ്വതിയുടെ ഓർമ്മയ്ക്കായി ആര്യസമാജ പ്രവർത്തകനായ വിജ്ഞാന ചന്ദ്രസേനനാണ് ശ്രീദയാനന്ദ സ്‌കൂൾ സ്ഥാപിച്ചത്. ഇന്ന് പൊൻകുന്നം ചിലങ്കയിൽ പി.എസ്.മോഹനൻനായരുടെ കൈകളിലൂടെ സ്‌കൂളിന്റെ പ്രൗഡിയും പാരമ്പര്യവും നിലനിറുത്തി പുതിയൊരു ചരിത്രമാകാനൊരുങ്ങുകയാണ് ഈ വിദ്യാലയമുത്തശ്ശി.