പാലാ: സ്വകാര്യ ബസ് കുത്തകകൾ കൈവശംവച്ചിരിക്കുന്ന ഉഴവൂർ റൂട്ടിലെ തോന്നുംപടി സർവീസിനെതിരെ വ്യാപക പരാതി. സ്വകാര്യ ബസുകൾ അകാരണമായി സർവീസ് മുടക്കുന്നതിനെതിരെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് കൂടുതൽ യാത്രക്കാർ പ്രതികരണവുമായി രംഗത്തെത്തി. അതേസമയം ഗതാഗത വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ തണലിലാണ് തങ്ങളുടെ പ്രവർത്തനമെന്നും അതുകൊണ്ടുതന്നെ താഴെതട്ടിലുള്ള ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ തങ്ങളെ തൊടില്ലെന്ന നിലപാടിലാണ് കുത്തക ബസ് ഉടമകൾ. തങ്ങൾ കൃത്യമായാണ് സർവീസ് നടത്തുന്നതെന്നും സ്വകാര്യ ബസ് ഉടമകൾ വാദിക്കുന്നു. എന്നാൽ ശനിയാഴ്ച രാവിലെ 10ന് ശേഷം ഉഴവൂർ വഴിക്കുള്ള മൂന്ന് ട്രിപ്പുകൾ കൂട്ടത്തോടെ റദ്ദാക്കിയത് സംബന്ധിച്ച് അവർക്ക് വിശദീകരണവുമില്ല. ഇതേ കമ്പനിയുടെ ഒരു ബസ് പാതിവഴിയിൽ സർവീസ് അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ടും പരാതികളുയർന്നിട്ടുണ്ട്.

എസ്.ഐയ്‌ക്കെതിരെ അന്വേഷണം


പാലാ: യൂണിഫോം ഇല്ലാതിരുന്നിട്ടും കണ്ടക്ടറെ ഒഴിവാക്കി സ്വകാര്യ ബസ് ഡ്രൈവർക്ക് മാത്രം പിഴ നൽകിയ പാലാ ട്രാഫിക് പൊലീസിലെ ഗ്രേഡ് എസ്.ഐ ബിജുവിന്റെ നടപടി വിവാദത്തിൽ. ഡ്രൈവറെ മാത്രം പൊലീസ് എയ്ഡ്‌പോസ്റ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി പിഴ അടപ്പിയ്ക്കുകയാണ് ഉണ്ടായത്. കണ്ടക്ടർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാൻ എസ്.ഐ ബിജു തയാറായില്ലെന്ന് ദൃക്‌സാക്ഷികളും പറയുന്നു. ഇതു സംബന്ധിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.