കോട്ടയം: കുഴിയിൽ നിന്ന് കുഴിയിലേക്ക്... കണ്ണുതെറ്റിയാൽ വീഴുമെന്ന് ഉറപ്പ്. പിന്നെ ഈ റോഡിലൂടെ കടന്നുപോകുന്ന വാഹനയാത്രികരുടെ നടുവൊടിയാൻ പിന്നെന്ത് വേണം. ഇരുചക്രവാഹനയാത്രികർക്ക് കെണിയാവുകയാണ് ദേവലോകം കൊല്ലാട് റോഡിലെ കുഴികൾ. കഞ്ഞിക്കുഴി മുതൽ കൊല്ലാട് വരെയുള്ള റോഡിൽ ചെറുതും വലുതുമായ നിരവധി കുഴികളുണ്ട്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കലിനെ തുടർന്ന് തകർന്നതാണ് റോഡ്. റോഡിന്റെ വശങ്ങൾ കുഴിച്ച് പൈപ്പ് സ്ഥാപിച്ചെങ്കിലും റോഡ് റീടാർ ചെയ്യുകയോ സഞ്ചാരയോഗ്യമാക്കുകയോ ചെയ്തിട്ടില്ല. ഒരു വശത്ത്, റോഡിന്റെ മധ്യഭാഗത്തായി പൈപ്പ് നിർമ്മാണം നടക്കുന്നതിനാൽ, ഗതാഗതതടസവും നേരിടുന്ന സ്ഥിതിയാണ്. നിരവധി അപകടവളവുകളും റോഡിൽ സ്ഥിതി ചെയ്യുന്നുണ്ട്. പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതാണ് റോഡിലെ മറ്റൊരു ദുരിതം. മണ്ണ് നിറഞ്ഞ റോഡിൽ വെള്ളക്കെട്ടും ചെളിയുമാണ്. വെയിലായാൽ പൊടിയും മഴയായാൽ ചെളിയും നിറയുന്ന അവസ്ഥ.റോഡിന്റെ ഒരു വശത്ത് പൈപ്പ് സ്ഥാപിച്ചതിനാൽ, വാഹനപാർക്കിംഗ്, കാൽനടയാത്രയും ദുഷ്‌ക്കരമാണ്.
വെട്ടിപ്പൊളിക്കും
വീണ്ടും വീണ്ടും
വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് സ്ഥാപിക്കുന്നതല്ലാതെ സഞ്ചാരയോഗ്യമാക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കുഴിയിൽ ചാടി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്.