പാലാ: ക്രൈസ്തവ വിശ്വാസ സമൂഹത്തിൽ ധന്യൻ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട കദളിക്കാട്ടിൽ മത്തായി അച്ചന് ഇന്ന് 150ാം പിറന്നാൾ ദിനം. പാലായ്ക്ക് സമീപം ഇടപ്പാടി ഗ്രാമത്തിൽ 1872 ഏപ്രിൽ 25 നായിരുന്നു കദളിക്കാട്ടിൽ മത്തായി അച്ചന്റെ ജനനം. കദളിക്കാട്ടിൽ ചെറിയാൻ-റോസ ദമ്പതികളുടെ നാല് മക്കളിൽ രണ്ടാമനായി പിറന്ന മത്തായി മാന്നാനം സെമിനാരിയിൽ നിന്ന് വൈദിക പരിശീലനം പൂർത്തിയാക്കി 1901 ഫെബ്രുവരി 17നാണ് തിരുപ്പട്ടം സ്വീകരിച്ചത്. അനാഥരും അവഗണിക്കപ്പെട്ടവരുമായ കുഞ്ഞുങ്ങളിലേക്കും അശരണരായ വൃദ്ധ ജനങ്ങളിലേക്കും ജാതിമതഭേദമന്യെ കാരുണ്യത്തിന്റെ കൈത്തിരി നീട്ടാൻ മത്തായിച്ചന് കഴിഞ്ഞു. മത്തായിയച്ചന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദു തിരുഹൃദയ ഭക്തിയായിരുന്നു. ഇതിന്റെ അനശ്വര സ്മാരകമായാണ് 1911ൽ അച്ചൻ തിരുഹൃദയ സന്യാസിനി സമൂഹം സ്ഥാപിച്ചത്. 1935 മെയ് 23 ന് യേശുവിന്റെ തിരുഹൃദയത്തിൽ അലിഞ്ഞചേർന്ന മത്തായി അച്ചന്റെ വിശുദ്ധ ജീവിതം ഇന്ന് നാമകരണ നടപടികളുടെ നാൾവഴികളിലാണ്.'വിശുദ്ധ ഗണത്തിലേക്ക് കയറുന്നതിനു മുമ്പുള്ള 'ധന്യൻ ' പദവിയിലാണിപ്പോൾ കദളിക്കാട്ടിൽ മത്തായി അച്ചൻ. കദളിക്കാട്ടിൽ അച്ചന്റെ 150ാം ജന്മദിനമായ ഇന്ന് പ്രാർത്ഥനാപൂർവമായ തിരുകർമ്മങ്ങളിലൂടെ ആഘോഷിക്കാനൊരുങ്ങുകയാണ് പാലാ രൂപതയും തിരുഹൃദയ സന്യാസിനി സമൂഹവും.