കോട്ടയം: കരൾ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടർചികിത്സയിലായിരുന്ന ദമ്പതിമാർ നാട്ടിലേയ്ക്ക് മടങ്ങി. തൃശൂർ വേലൂർ വട്ടേക്കാട്ടിൽ സുബീഷ് (40), ഭാര്യ പ്രവിജ (36) എന്നിവരാണ് വീട്ടിലേയ്ക്ക് മടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു കരൾ മാറ്റശസ്ത്രക്രിയ. തുടർന്ന് മാർച്ച് 3ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ തുടർ ചികിത്സ അനിവാര്യമായതിനൽ ആശുപത്രിക്കു സമീപത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ദമ്പതികൾ. ശസ്ത്രക്രിയക്ക് വിധേയനായ സുബീഷിന്റെയും കരൾ ദാനം ചെയ്ത പ്രവിജയുടേയും ആരോഗ്യനില പൂർവസ്ഥിതിയിലെത്തിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇവർക്ക് വീട്ടിലേയ്ക്ക് മടങ്ങാൻ ആശുപത്രി അധികൃതർ അനുവാദം നൽകിയത്. ഡോക്ടർമാർ, മറ്റ് പാര മെഡിക്കൽ ജീവനക്കാർ എന്നിവർക്ക് നന്ദി പറഞ്ഞ ശേഷമാണ് ഇവർ മടങ്ങിയത്.കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ആദ്യ കരൾ മാറ്റശസ്ത്രക്രിയ വിജയിപ്പിച്ച ഗ്യാസ്ട്രോ സർജറി മേധാവി ഡോ ആർ.സിന്ധുവിന് നവജീവൻ ട്രസ്റ്റി പി.യു തോമസ് മെമന്റോ സമ്മാനിച്ചു.