
മുണ്ടക്കയം . കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ കണക്കുപ്രകാരം ഏപ്രിലിൽ ജില്ലയിൽ രേഖപ്പെടുത്തിയത് 386 മില്ലീമീറ്റര്‍ മഴ. 2001 ല്‍ രേഖപ്പെടുത്തിയ 367 മില്ലീമീറ്ററായിരുന്നു ഏറ്റവും കൂടുതല്‍. എന്നാൽ ചൂട് കാര്യമായി കുറഞ്ഞതുമില്ല. ശരാശരി 34 ഡിഗ്രിയ്‌ക്ക് മുകളിലായിരുന്നു മിക്ക ദിവസങ്ങളിലെയും ഉയര്‍ന്ന പകല്‍ താപനില. മുൻപ് മാര്‍ച്ച് 1 മുതല്‍ മേയ് 31 വരെ പെയ്യുന്ന മഴയ്‌ക്ക് സമാനമായ മഴ കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ പെയ്‌തിറങ്ങി. വേനല്‍ മഴയില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് ജില്ല ഇപ്പോള്‍. പത്തനംതിട്ടയാണ് ഒന്നാമത്. മാര്‍ച്ച് 1 മുതല്‍ ഇന്ന് വരെയുള്ള കണക്ക് പ്രകാരം 164 ശതമാനം അധിക മഴ പെയ്‌തു. 146.2 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിച്ചപ്പോള്‍ പെയ്‌തത് 386 മില്ലീമീറ്റര്‍. 60 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ രേഖപ്പെടുത്തിയ ഒന്നിലേറെ ദിവസങ്ങള്‍ കടന്നു പോയി.
കാര്‍ഷിക കലണ്ടർ താളംതെറ്റി.
മഴ ജില്ലയുടെ കാര്‍ഷിക കലണ്ടറിനെയും താളം തെറ്റിച്ചു. വേനല്‍ മഴ ആശ്വാസകരമായിരുന്നുവെങ്കിലും തുടര്‍ച്ചയായി പെയ്യുന്നത് കൃഷിയ്ക്ക് ദോഷകരമാണ്. നെല്‍ കൃഷി മേഖലയില്‍ സമീപകാലത്തെ ഏറ്റവും വലിയ നഷ്ടമാണുണ്ടായത്. റബര്‍, പച്ചക്കറി മേഖലയിലും മഴ നാശം വിതച്ചു. രണ്ടു ദിവസമായി മഴയ്‌ക്ക് അല്പം ശമനമുണ്ടെങ്കിലും വീണ്ടും മഴ എത്തിയേക്കാമെന്ന മുന്നറിയിപ്പ് കര്‍ഷകരെ ആശങ്കയിലാക്കുന്നു. മഴയില്‍ വീണടിഞ്ഞ നെല്ല് പരമാവധി കൊയ്‌തെടുക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍. ഈ ഘട്ടത്തില്‍ വീണ്ടും മഴയെത്തിയാല്‍ വന്‍ തിരിച്ചടിയാകും.