കോട്ടയം: പ്രായാധിക്യത്താൽ അവശനായ തിരുനക്കര ശിവന്റെ പാപ്പാനെ മാറ്റി പുതിയ പാപ്പാനെ നിയമിക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ ഭക്തരും തിരുനക്കര ക്ഷേത്രോപദേശകസമിതിയും രംഗത്തെത്തി. പുതിയ പാപ്പാൻ ശിവനെ തല്ലി ചട്ടം പഠിപ്പിക്കാൻ തങ്ങൾ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് അനപ്രേമികൾ. രണ്ടു വർഷം പാപ്പാനായിരിക്കെ ശിവനെ ക്രൂരമായി മർദ്ദിച്ചവശനാക്കിയ വിഷ്ണുവിനെയാണ് വീണ്ടും തിരുനക്കരയിലേക്ക് മാറ്റിയത്. ശിവനുമായി ഇണങ്ങിയ പാപ്പാൻ ഗോപനെ ഹരിപ്പാട് ക്ഷേത്രത്തിലേക്ക് നേരത്തേ സ്ഥലം മാറ്റിയിരുന്നു. വിഷ്ണുവിന് പകരം ഗോപൻ മതിയെന്ന ഭക്തരുടെ ആവശ്യം ഹരിപ്പാട്ടെ ഡപ്യൂട്ടി കമ്മീഷണർ നിരസിച്ചു. ഓർഡർ ഇറക്കിയതോടെ വിഷ്ണുവിനെ ഒരു കാരണവശാലും തിരുനക്കരയിൽ നിയമിക്കാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഭക്തർ.
വിഷ്ണു പാപ്പാനായി വന്നാൽ വീണ്ടും ചട്ടം പഠിപ്പിക്കണം. കോലിന് തല്ലിയും മർമ്മ സ്ഥാനങ്ങളിൽ തോട്ടിക്ക് കുത്തി വലിച്ചുമാണ് പഠിപ്പിക്കുക. സമീപകാലത്ത് ശിവനെ എരണ്ടകെട്ടും ബാധിച്ചിരുന്നു. രോഗമുക്തി നേടിയെങ്കിലും അണപ്പല്ല് തേഞ്ഞ അവസ്ഥയിലാണ്. ഇതിനെതുടർന്ന് പുല്ല് മാത്രമാണ് തീറ്റയായി നൽകുന്നത്. ക്രൂരരെന്ന് ഭക്തർ വിശേഷിപ്പിച്ചിട്ടുള്ള പാപ്പാനായ വിഷ്ണു ഇനിയും തല്ലി ചട്ടം പഠിപ്പിച്ചാൽ ആനയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ശിവനെ നന്നായി പരിപാലിച്ചു വന്ന അരഡസനിലേറെ പാപ്പാൻ മാരെ ഇതിനകം മാറ്റിയത് വിവാദമായിരുന്നു. നടേശനും മനോജുമായിരുന്നു ഏറെക്കാലം ശിവന്റെ പാപ്പാൻമാരായിരുന്നത്. മനോജിനെ നേരത്തേ ചിറക്കടവിലേക്ക് മാറ്റിയിരുന്നു. ശിവനെ മർദ്ദിക്കുന്നുണ്ടോ എന്നറിയാൻ ആനക്കൊട്ടിലിന് സമീപം ആനപ്രേമികൾ സി.സി.ടി.വി കാമറയും സ്ഥാപിച്ചിരുന്നു.
ഭക്തരുടെ എതിർപ്പ് കണക്കിലെടുത്ത് വിഷ്ണുവിനെ പാപ്പാനാക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും പകരം ഗോപനെ തിരുനക്കരയിൽ നിയമിക്കണമെന്ന് ദേവസ്വം ബോർഡ് അംഗം പി.എം തങ്കപ്പൻ, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ എന്നിവരോട് ആവശ്യപ്പട്ടിട്ടുണ്ട്.
ടി.സി ഗണേഷ്
ക്ഷേത്രോപദേശകസമിതി പ്രസിഡന്റ്