എരുമേലി: എരുമേലി - കരിമ്പിൻതോട് - പ്ലാച്ചേരി വനപാതയിൽ മാലിന്യം തള്ളിയ അഞ്ച് പേരെ വനം വകുപ്പ് പിടികൂടി. വിവിധ ദിവസങ്ങളിലായാണ് അഞ്ച് പേരും മാലിന്യം തള്ളിയത്. ഇതുവരെ താക്കീതും ചെറിയ പിഴയും മാത്രമാണ് ചുമത്തിയിരുന്നത്. ഇനി ഇളവില്ലെന്നും കേസെടുത്ത് പ്രതികളെ കോടതിയിൽ ഹാജരാക്കി കർശന നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശികളായ രണ്ട് പേരെയാണ് മാലിന്യവുമായി ആദ്യം പിടികൂടിയത്. പിന്നാലെ പെട്ടിഓട്ടോറിക്ഷയിൽ തെർമോക്കോൾ മാലിന്യവുമായി വന്നയാളെയും ബേക്കറി മാലിന്യവുമായി വന്ന കാഞ്ഞിരപ്പള്ളി സ്വദേശിയെയും കൊല്ലം സ്വദേശിയെയും പിടികൂടി. കനകപ്പലത്തെ സഹോദരിയുടെ വീട്ടിലെത്തിയ കൊല്ലം ആയൂർ സ്വദേശികൾ തിരികെ മടങ്ങുമ്പോൾ സഹോദരിയുടെ വീട്ടിലെ മാലിന്യം വനപാതയിൽ തള്ളാൻ ശ്രമിച്ചപ്പോഴാണ് പിടിയിലായതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ സെക്ഷൻ ഓഫീസർ ജി. അരുൺ നായർ, ബീറ്റ് ഓഫീസർമാരായ എം.എസ്. സന്തോഷ്, വിപിൻ കെ. ചന്ദ്രൻ, ഷാജു, കുഞ്ഞ് വറീത്, അനി എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ നടത്തിയ പട്രോളിംഗിലാണ് മാലിന്യം തള്ളാൻ എത്തിയവരെ പിടികൂടിയത്.
രാത്രിയിൽ കണ്ണുവെട്ടിക്കും
രാത്രിയിലും പുലർച്ചെയും വനപാലകരുടെ കണ്ണ് വെട്ടിച്ച് മാലിന്യം തള്ളുന്ന സംഭവങ്ങൾ വർദ്ധിച്ചിട്ടുണ്ട്. കരിമ്പിൻതോട് ഫോറസ്റ്റ് ഗാർഡ് സ്റ്റേഷന്റെ മുന്നിലും പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിന് മുന്നിലും ചെക്ക് പോസ്റ്റ് സ്ഥാപിച്ച് രാത്രിയിൽ പരിശോധന നടത്തിയാൽ മാലിന്യം തള്ളൽ നിലയ്ക്കുമെന്ന് നാട്ടുകാർ പറയുന്നു.